'മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം ഏകാന്തതയിലേക്കും ആത്മഹത്യയിലേക്കും നയിക്കും'- അലഹബാദ് ഹൈകോടതി ജസ്റ്റിസ് ശേഖർ യാദവ്
text_fieldsപ്രതീകാത്മക ചിത്രം
പ്രയാഗ്‌രാജ്: മൊബൈൽ ഫോൺ ജനങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് അലഹബാദ് ഹൈകോടതി ജസ്റ്റിസ് ശേഖർ യാദവ്. മൊബൈൽ ഫോണുകളുടെ വരവ് മൂലം കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം അവസാനിച്ചു. ഇത് ഏകാന്തതയിലേക്കും ആത്മഹത്യയിലേക്കും ആളുകളെ നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
'ആത്മഹത്യ തടയുന്നതിൽ സമൂഹത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കൾ കുട്ടികളിൽ അവരുടെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കരുത്. നീ ഡോക്ടറാകണം, എഞ്ചിനീയറാകണം എന്നിങ്ങനെ അവരോട് പറയരുതെന്നും അവർ ആഗ്രഹിക്കുന്ന കരിയർ തെരഞ്ഞെടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കണം. പലരും കുട്ടികളില്ലാത്തവരാണ്, നിങ്ങൾക്ക് ഒരു കുട്ടിയെ നൽകിയതിന് ദൈവത്തിന് നന്ദി പറയണമെന്നും ജസ്റ്റിസ് ശേഖർ യാദവ് പറഞ്ഞു.
കുട്ടികളെ മറ്റുള്ളവരേക്കാൾ ദുർബലരോ താഴ്ന്നവരോ ആയി ചിത്രീകരിക്കുന്നത് അവരിൽ മനോവീര്യം കുറക്കുന്നു. അത് വിഷാദത്തിലേക്ക് നീങ്ങുകയും ഒടുവിൽ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തണം. ആശയവിനിമയം കുറയുന്നത് അവർക്കിടയിൽ അകൽച്ച ഉണ്ടാക്കുന്നതിന് കാരണമാകും. നിങ്ങളുടെ സുഹൃത്തുക്കളിൽ ആരെങ്കിലും അസാധാരണമായി പെരുമാറുന്നുണ്ടെങ്കിൽ അതിനെ നിസാരമായി കാണരുത്. അല്ലെങ്കിൽ നാളെ അവൻ ആത്മഹത്യ ചെയ്തതായി നിങ്ങൾ അറിയും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പല തരത്തിലുള്ള സമ്മർദങ്ങൾ നേരിടുന്നുണ്ടെന്നും ഇതുമൂലം പല സ്ഥാപനങ്ങളിലും ആത്മഹത്യകൾ വർധിക്കുന്നുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി പ്രയാഗ്‌രാജിലെ പ്രൊഫസർ അനുപം അഗർവാൾ പറഞ്ഞു. വിവിധ കാരണങ്ങളാൽ ഉണ്ടാകുന്ന മോശം മാനസികാരോഗ്യം മൂലമാണ് വിദ്യാർഥികൾ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ഇതിന് ഒരു വലിയ കാരണം-അഗർവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

