രാംപൂർ ഭീകരാക്രമണം: വധശിക്ഷ വിധിക്കപ്പെട്ടവരടക്കം 18 വർഷം ജയിലിൽ കഴിഞ്ഞവർ നിരപരാധികൾ; വെറുതെവിട്ടു
text_fieldsന്യുഡൽഹി: രാംപൂർ സി.ആർ.പി.എഫ് ക്യാമ്പ് ഭീകരാക്രമണ കേസിൽ കുറ്റം ചുമത്തി വിചാരണക്കോടതി വധശിക്ഷ വിധിച്ച നാലുപേരടക്കം അഞ്ചു പ്രതികളെയും അലഹാബാദ് ഹൈകോടതി വെറുതെവിട്ടു. 2007ൽ നടന്ന ഭീകരാക്രമണത്തിലാണ് നീണ്ട 18 വർഷത്തിന് ശേഷം അഞ്ച് പേർക്ക് ജയിൽ മോചനമാകുന്നത്.
ഇവർക്കെതിരെ ചുമത്തിയ കൊലപാതകം, യു.എ.പി.എ, രാജ്യത്തിനെതിരെ യുദ്ധം നടത്തൽ അടക്കം എല്ലാ കേസുകളും ജസ്റ്റീസുമാരായ സിദ്ധാർഥ് വർമ, രാം മനോഹർ നാരായൺ മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തെളിവുകൾ കെട്ടിച്ചമച്ചവയാണെന്നും കള്ള സാക്ഷികൾ നൽകിയ മൊഴികളാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ ആയുധം കൈവശം വെച്ചെന്ന കേസ് മാത്രം നിലനിർത്തി.
മുഹമ്മദ് ശരീഫ് എന്ന സുഹൈൽ, സബാഉദ്ദീൻ എന്ന ശഹാബുദ്ദീൻ, ഇംറാൻ ഷഹ്ജാദ്, മുഹമ്മദ് ഫാറൂഖ്, ജാങ് ബഹദൂർ ഖാൻ എന്ന ബാബ ഖാൻ എന്നിവരാണ് രണ്ടു പതിറ്റാണ്ടോളം കാലം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. ഉത്തർ പ്രദേശ് പ്രത്യേക കർമസേനയാണ് ഇവരെ പ്രതി ചേർത്തിരുന്നത്. 2019ൽ വിചാരണ കോടതി ഇവരിൽ നാലുപേർക്കെതിരെ വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തവും വിധിച്ചിരുന്നു.
2007 ഡിസംബർ 31ന് രാത്രി നടന്ന ആക്രമണത്തിൽ ഏഴ് സി.ആർ.പി.എഫ് ജവാന്മാരടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടിരുന്നത്. കസ്റ്റഡിയിലെടുത്തവർ ഈ കൃത്യം നടത്തിയതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ഹൈകോടതി കണ്ടെത്തി. തിരിച്ചറിയൽ വിവരങ്ങൾ, പരസ്പര വിരുദ്ധമായ മൊഴികൾ എന്നിവ മാത്രമല്ല, നടപടിക്രമങ്ങളിലെ പൊരുത്തക്കേടുകളും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതികളെ അറിയില്ലെന്ന് ആദ്യം സമ്മതിച്ചവർ പിന്നീട് കോടതിയിൽ ഇവരുടെ പേര് പറഞ്ഞത് വ്യാജമാണെന്ന് തെളിയിക്കുന്നതാണെന്ന് കോടതി കണ്ടെത്തി. നീണ്ട സമയം വെടിവെപ്പ് നടന്നിട്ടും പ്രതികളിൽ ഒരാൾക്കും പരിക്കേറ്റില്ലെന്നതടക്കം വിഷയങ്ങളും കോടതി ചൂണ്ടിക്കാട്ടി. ഇവരുപയോഗിച്ചതായി പറഞ്ഞ തോക്കുകളും റൈഫിളുകളും ഉപയോഗിക്കാൻ പാകത്തിലായിരുന്നില്ലെന്നും തെളിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

