അൽജസീറ ഡോക്യുമെന്ററിക്കും ഇന്ത്യയിൽ പ്രദർശന വിലക്ക്
text_fieldsന്യൂഡല്‍ഹി: ബി.ബി.സിക്ക് പിറകെ അൽജസീറ ഡോക്യുമെന്ററിക്കും ഇന്ത്യയിൽ പ്രദർശന വിലക്ക്. അലഹബാദ് ഹൈകോടതിയാണ് ഇന്ത്യയിലെ ഭയത്തിന്റെ അന്തരീക്ഷം തുറന്നുകാട്ടുന്ന 'ഇന്ത്യ...ഹു ലിറ്റ് ദി ഫ്യൂസ്' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം താൽക്കാലികമായി തടഞ്ഞത്. സുധീർകുമാർ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ വിദ്വേഷത്തിനിടയാക്കുമെന്നും രാജ്യത്തിന്റെ മതേതര ഘടന തകർക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. അൽ ജസീറ ഒരു മാധ്യമ സ്ഥാപനം മാത്രമാണെന്നും ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാൻ പരിധി ലംഘിക്കുകയാണെന്നും ഹരജിയിൽ പറയുന്നു.
ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷം ഭയത്തോടെയാണ് ജീവിക്കുന്നതെന്ന യാഥാർഥ്യമല്ലാത്ത വിവരം നൽകി വിദ്വേഷം ഉണ്ടാക്കാനാണ് ഇത് ശ്രമിക്കുന്നത്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട രാജ്യത്തെ പൗരന്മാർക്കിടയിൽ അസ്വാരസ്യം ഉണ്ടാക്കാൻ വസ്തുതകൾ വളിച്ചൊടിക്കുകയാണ്. ഇന്ത്യൻ ഭരണകൂടത്തെ ന്യൂനപക്ഷങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരായി ചിത്രീകരിക്കുന്നതായും ഇതിൽ പറയുന്നു. അച്ചടി മാധ്യമങ്ങളിൽനിന്നും സമൂഹ മാധ്യമങ്ങളിൽനിന്നുമാണ് തനിക്ക് ഈ വിവരങ്ങൾ ലഭിച്ചതെന്നും ഹരജിക്കാരൻ പറയുന്നു.
ഡോക്യുമെന്ററിയുടെ ഉള്ളടക്കം അധികൃതർ പരിശോധിക്കുന്നത് വരെ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഉചിതമായ നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. സാമൂഹിക ഐക്യം ഉറപ്പാക്കാനും ഇന്ത്യയുടെ സുരക്ഷയും താൽപര്യവും സംരക്ഷിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടുകയും ചെയ്തു.
നേരത്തെ 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്കും ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു. 2023 ജനുവരിയിൽ റിലീസ് ചെയ്ത ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു. എന്നാൽ, വിവിധ സംഘടനകൾ ഇതിന്റെ പരസ്യ പ്രദർശനവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

