‘കള്ളക്കേസിൽ കുടുക്കി’; നിസാമുദ്ദീൻ മർകസ് സന്ദർശിച്ചതിന് മുസ്ലിം യുവാക്കൾക്കെതിരെ ചുമത്തിയ കോവിഡ് കേസ് അലഹബാദ് ഹൈകോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: രാജ്യത്തെ തബ്ലീഗ് ആസ്ഥാനമായ ഡൽഹി നിസാമുദ്ദീൻ മർകസ് സന്ദർശിച്ചതിന്റെ പേരിൽ രണ്ടു മുസ്ലിം യുവാക്കൾക്കെതിരെ ചുമത്തിയ കോവിഡ് കേസ് അലഹബാദ് ഹൈകോടതി റദ്ദാക്കി. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് യുവാക്കൾക്കെതിരെ വ്യാജമായി കേസെടുത്തതെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ഡോ. ഗൗതം ചൗധരി ഉൾപ്പെട്ട ബെഞ്ചാണ് ഫൈസാനും മറ്റൊരു യുവാവും നൽകിയ ഹരജിയിൽ ഇവർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിയത്. കോവിഡ് മഹാമാരിക്കിടെ നിസാമുദ്ദീൻ മർകസ് സന്ദർശിക്കുകയും രോഗ വ്യാപനത്തിന് കാരണക്കാരായെന്നും ചൂണ്ടിക്കാട്ടിയാണ് 2020 ഏപ്രിൽ രണ്ടിന് ജൗൻപൂർ ഷാഹ്ഗഞ്ച് പൊലീസ് യുവാക്കൾക്കെതിരെ കേസെടുത്തത്. ജൗൻപൂരിലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പരിഗണനയിലുള്ള കുറ്റപത്രവും തുടർനടപടികളും ചോദ്യം ചെയ്താണ് ബി.എൻ.എസ്.എസ് 528-ാം വകുപ്പ് പ്രകാരം യുവാക്കൾ ഹരജി നൽകിയത്. യുവാക്കൾക്ക് കോവിഡ് വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും സന്ദർശനത്തിലൂടെ മറ്റുള്ളവരിലേക്കും രോഗം പകരാൻ ഇടയാക്കിയെന്നുമുള്ള ഊഹാപോഹങ്ങളുടെ പുറത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് ഹൈകോടതി വ്യക്തമാക്കി. എന്നാൽ യുവാക്കളുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
അതിനാൽ, ദുഷ്ടലാക്കോടെയും മുൻവിധിയോടെയും അനുമാനങ്ങളുടെയും മാത്രം അടിസ്ഥാനത്തിലാണ് ഹരജിക്കാർക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച് കേസെടുത്തതെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിലെ നിസാമുദ്ദീൻ മർകസിലെ മതപരമായ ചടങ്ങിൽ പങ്കെടുക്കുകയും തിരിച്ചെത്തിയ ശേഷം കുടുംബാംഗങ്ങളോടൊപ്പം താമസിക്കുകയും ചെയ്തതിലൂടെ രോഗവ്യാപനത്തിന് ഇടയാക്കിയെന്നായിരുന്നു ആരോപണം. മതപരമായ ചടങ്ങിൽ പങ്കെടുക്കാനാണ് ഡൽഹിയിലേക്ക് പോയതെന്ന് ചോദ്യം ചെയ്യലിൽ യുവാക്കൾ സമ്മതിച്ചിരുന്നു.
തുടർന്ന് യുവാക്കളെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തശേഷമാണ് കേസെടുത്തത്. ഐ.പി.സി 188, 269, 307 വകുപ്പുകൾ, 2005ലെ ദുരന്ത നിവാരണ നിയമത്തിലെ 51(ബി) വകുപ്പ്, 1897ലെ പകർച്ചവ്യാധി നിയമത്തിലെ 3-ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. മാർച്ച് 24ന് രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു ദിവസങ്ങൾക്കു മുമ്പാണ് യുവാക്കൾ തബ്ലീഗ് ആസ്ഥാനത്ത് എത്തുന്നത്.
തബ്ലീഗ് ജമാഅത്തിൽ ഉൾപ്പെട്ട 70 പേർക്കെതിരെ കോവിഡ് പടർത്തിയെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് ഡൽഹി ഹൈകോടതി നേരത്തെ റദ്ദാക്കിയിരുന്നു. 16 എഫ്.ഐ.ആറുകളിലെയും തുടർന്നുള്ള നടപടികളിലെയും കുറ്റങ്ങൾ ആണ് റദ്ദാക്കിയത്. 2020 മാർച്ച് 24 നും 2020 മാർച്ച് 30നും ഇടയിൽ വിദേശ പൗരന്മാരെ വിവിധ പള്ളികളിൽ പാർപ്പിച്ചുവെന്നാരോപിച്ച് 16 എഫ്.ഐ.ആറുകളിലായി പേരുള്ള 70 പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എഫ്.ഐ.ആറുകളിൽ വിദേശ പൗരന്മാരുടെയും പേരുകൾ ഉണ്ടായിരുന്നുവെങ്കിലും മിക്ക കുറ്റപത്രങ്ങളിലും അവരെ പ്രതികളായി ഉൾപ്പെടുത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

