Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതംമാറിയ സഹോദരിമാരെ...

മതംമാറിയ സഹോദരിമാരെ വീട്ടുതടങ്കലിലാക്കിയ കേസിൽ 25 ലക്ഷം രൂപ പിഴ; ഭൂരിപക്ഷ വികാരത്തിന് മൗലികാവകാശങ്ങളെ കവർന്നെടുക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി

text_fields
bookmark_border
മതംമാറിയ സഹോദരിമാരെ വീട്ടുതടങ്കലിലാക്കിയ കേസിൽ 25 ലക്ഷം രൂപ പിഴ; ഭൂരിപക്ഷ വികാരത്തിന് മൗലികാവകാശങ്ങളെ കവർന്നെടുക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി
cancel

അലഹബാദ്: ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത യുവതികളെ പിതാവ് നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കിയ കേസിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.

കുടുംബത്തിന്റെ എതിർപ്പുകൾക്കോ സാമൂഹിക യാഥാസ്ഥിതികതക്കോ ഉദ്യോഗസ്ഥരുടെ ഉദാസീനതയ്‌ക്കോ മുന്നിൽ വ്യക്തിഗത സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ ഉറപ്പ് അടിയറവ് വെക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. സഹോദരിമാർ നേരിട്ട മൗലികാവകാശ ലംഘനത്തിന് പിതാവും ഉത്തർപ്രദേശ് സർക്കാരും ഉത്തരവാദികളാണെന്നും കോടതി കണ്ടെത്തി. യു.പി. സർക്കാരും സ്ത്രീകളുടെ കുടുംബവും സംയുക്തമായാണ് നഷ്ടപരിഹാരം നൽകേണ്ടത്.

സോയ ദിയ ഭാട്ടിയ എന്ന് പേര് മാറ്റിയ ദിയ ഭാട്ടിയ, അമീന അൻഷു ഭാട്ടിയ എന്ന് പേര് മാറ്റിയ അൻഷു ഭാട്ടിയ എന്നീ സഹോദരിമാരെ വീട്ടുതടങ്കലിലാക്കിയ കേസിലാണ് ഉത്തരവ്. യുവതികൾക്ക് തങ്ങൾക്കിഷ്ടമുള്ള എവിടെയും ആരുടെ കൂടെയും ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പിതാവും സർക്കാരും ഉദ്യോഗസ്ഥരും യാതൊരു ഇടപെടലും നടത്തരുതെന്നും കോടതി ഉത്തരവിട്ടു.

ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ വിധി പുറപ്പെടുവിച്ചത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം സഹോദരിമാർക്ക് തുല്യമായി വീതിച്ചു നൽകണം.

20 ഉം 35 ഉം വയസ്സുള്ള സ്ത്രീകൾ 2021 മുതൽ നീണ്ട കാലയളവിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് കഴിയുകയാണെന്ന് കോടതി കണ്ടെത്തി. അവരെ മോചിപ്പിക്കുന്നതിന് പകരം, തടങ്കലിന് സംസ്ഥാന ഭരണസംവിധാനങ്ങൾ കൂട്ടുനിൽക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഭരണപരമായ നിഷ്ക്രിയത്വത്തിന് ജുഡീഷ്യൽ അംഗീകാരം നൽകാനാകില്ല. മുതിർന്ന സ്ത്രീകൾക്ക് തങ്ങളുടെ മതം തിരഞ്ഞെടുക്കാൻ ലംഘിക്കാനാവാത്ത അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ വ്യക്തിഗത സ്വാതന്ത്ര്യം, സഞ്ചാരം, താമസം, തൊഴിൽ അല്ലെങ്കിൽ മതപരമായ തിരഞ്ഞെടുപ്പുകൾ എന്നിവയിൽ നേരിട്ടോ അല്ലാതെയോ പിതാവ് ഇടപെടാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. സ്ത്രീകൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ആവശ്യമെങ്കിൽ മതിയായ സംരക്ഷണം നൽകാനും കോടതി നിർദ്ദേശം നൽകി. സ്ത്രീകളുടെ പാസ്‌പോർട്ടുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ, ബാങ്ക് പാസ്ബുക്കുകൾ, ചെക്ക് ബുക്കുകൾ, മതംമാറ്റവുമായി ബന്ധപ്പെട്ട രേഖകൾ, മറ്റ് ഒറിജിനൽ രേഖകൾ, വ്യക്തിഗത സാധനങ്ങൾ എന്നിവ ഏഴ് ദിവസത്തിനകം തിരികെ നൽകാനും പിതാവിന് നിർദ്ദേശം നൽകി.

2020-ലാണ് സഹോദരിമാർ ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാമതം സ്വീകരിച്ചത്. തങ്ങളുടെ ഇഷ്ടപ്രകാരം മതം മാറിയ യുവതികൾ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. ഇത് തടയാൻ യുവതികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പിതാവ് കേസ് ഫയൽ ചെയ്യുകയായിരുന്നു. 2021-ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾ അടക്കം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

"പ്രായപൂർത്തിയായ സ്ത്രീകൾ എന്ന നിലയിൽ, സ്വന്തം ജീവിതത്തിന്റെ വഴി തിരഞ്ഞെടുക്കാൻ അവർക്ക് ലംഘിക്കാനാവാത്ത ഭരണഘടനാപരമായ അവകാശമുണ്ട്," കോടതി പറഞ്ഞു. സ്വന്തം മതം, താമസസ്ഥലം, താൻ ആരുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവോ ആ വ്യക്തി എന്നിവ തിരഞ്ഞെടുക്കാനുള്ള അവകാശം ഈ സ്വയം നിർണ്ണയാവകാശത്തിൽ ഉൾപ്പെടുന്നുവെന്ന് കോടതി വ്യക്തമാക്കി. ഇസ്ലാം മതം സ്വീകരിക്കാനുള്ള തീരുമാനം സ്വമേധയാ ഉള്ളതാണെന്നും അത് വ്യക്തിപരമായ വിശ്വാസത്തിന്റെയും മനഃസാക്ഷിയുടെയും കാര്യമാണെന്നും രണ്ട് സ്ത്രീകളും കോടതിയിൽ വ്യക്തമാക്കിയിരുന്നു. അഭിഭാഷകൻ സയ്യിദ് കൈഫ് ഹസൻ ആണ് കേസിൽ സ്ത്രീകൾക്കായി ഹാജരായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allahabad High Courtfundamental rightsfinedUPconversion case
News Summary - മതംമാറിയ സഹോദരിമാരെ വീട്ടുതടങ്കലിലാക്കിയതിന് 25 ലക്ഷം രൂപ പിഴ; ഭൂരിപക്ഷ വികാരം മൗലികാവകാശം കവരരുതെന്ന് അലഹബാദ് ഹൈകോടതി
Next Story