വീട് പൊളിച്ചതിനെതിരെ ജാവേദ് മുഹമ്മദിന്റെ ഭാര്യ നല്‍കിയ ഹരജി കേൾക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി
text_fieldsജാവേദ് മുഹമ്മദിന്റെ ഭാര്യയുടെ പേരിലുള്ള പ്രയാഗ് രാജിലെ വീട് പൊളിക്കുന്നു
അലഹബാദ്: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചുവെന്ന പേരിൽ അറസ്റ്റിലായ ജാവേദ് മുഹമ്മദിന്റെ ഭാര്യയുടെ പേരിലുള്ള പ്രയാഗ് രാജിലെ വീട് ബി.ജെ.പി ഭരണകൂടം പൊളിച്ചതിനെതിരെ നൽകിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. വെൽഫെയർ പാർട്ടി നേതാവ് കൂടിയായ ജാവേദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ നൽകിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്. അലഹബാദ് ഹൈക്കോടതി ജഡ്ജി സുനിത അഗർവാളാണ് പിന്മാറിയത്. ഹരജി മറ്റൊരു ബെഞ്ച് ഇന്ന് തന്നെ പരിഗണിച്ചേക്കും.
അനധികൃത കൈയ്യേറ്റം ആരോപിച്ച് വീട് പൊളിച്ചു നീക്കിയതിനെതിരെയാണ് ഹരജി. വീട് തന്‍റെ പേരിലാണെന്നും വീട് പൊളിച്ചു നീക്കുന്നതിന് മുൻപ് പ്രയാഗ് രാജ് വികസന അഥോറിറ്റി നോട്ടീസ് നൽകിയില്ലെന്നും ഫാത്തിമ ഹരജിയിൽ ചൂണ്ടിക്കാട്ടി. വീട് അനധികൃതമായി നിർമിച്ചതല്ലെന്നും നിയമം പാലിച്ചുള്ളതാണെന്നും ഫാത്തിമ പറഞ്ഞു. ചില പ്രത്യേക അജണ്ടകളാണ് പൊളിച്ചു നീക്കലിന് പിന്നിലെന്നും ഹരജിയില്‍ പറയുന്നു.
പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ജൂണ്‍ 12നാണ് വീട് പൊളിച്ചുനീക്കിയത്. 20 വർഷത്തോളമായി നികുതി അടച്ചുകൊണ്ടിരിക്കുന്ന വീടാണ് യു.പി പൊലീസ് നിയമവിരുദ്ധമെന്ന് പറഞ്ഞ് പൊളിച്ചതെന്ന് ഫാത്തിമയും ഇവരുടെ മകൾ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയായ അഫ്രീൻ ഫാത്തിമയും വ്യക്തമാക്കിയിരുന്നു.

'20 വർഷത്തോളമായി വീടിന് ഞങ്ങൾ നികുതി അടച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, ഞങ്ങളുടെ വീട് നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് കാണിച്ച് അലഹബാദ് ഡെവലപ്‌മെന്റ് അതോറിറ്റിയിൽനിന്ന് ഇതുവരെ ഒരു ഭീഷണിയുമുണ്ടായിട്ടില്ല. അനധികൃതമാണെങ്കിൽ എന്തിനായിരുന്നു അവർ ഞങ്ങളിൽനിന്ന് നികുതി സ്വീകരിച്ചുകൊണ്ടിരുന്നത്?' -അഫ്രീൻ ചോദിച്ചു.
ജൂൺ 10ന് വെള്ളിയാഴ്ച രാത്രി 8.50നാണ് പൊലീസ് വന്ന് ജാവേദിനോട് സ്റ്റേഷൻ വരെ വരാൻ ആവശ്യപ്പെട്ടത്. സംസാരിക്കാനെന്നു പറഞ്ഞായിരുന്നു ഇത്. അറസ്റ്റ് വാറന്റ് നൽകിയിരുന്നില്ല. സ്വന്തം വാഹനമെടുത്ത് സ്റ്റേഷനിൽ പോയ ജാവേദിനെ പിന്നെ പൊലീസ് വിട്ടയച്ചിട്ടില്ല. അടുത്ത ദിവസം രാത്രി 12 മണിക്കാണ് ഫാത്തിമയെയും മറ്റൊരു മകളെയും അറസ്റ്റ് ചെയ്തു. എന്തിനാണ്, എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും പൊലീസ് പറഞ്ഞില്ല.

അന്ന് രാത്രി രണ്ടു മണിക്ക് തന്നെ പൊലീസ് വീണ്ടും വീട്ടിൽ വന്ന് അഫ്രീനോടും സഹോദരന്റെ ഭാര്യയോടും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. രാത്രി അവരുടെ കൂടെപ്പോകാൻ ഇവർ കൂട്ടാക്കാതായതോടെ വീട്ടിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ വരുന്നില്ലെങ്കിൽ വീട്ടിൽനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ 11 മണിക്ക് വീണ്ടും വീട്ടിൽനിന്ന് ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ, എന്താണ് കാരണമെന്ന് വ്യക്തമാക്കിയില്ല. സുരക്ഷാ കാരണങ്ങളാലാണ് മാറാൻ പറയുന്നതെന്നു മാത്രം പറഞ്ഞു. പിന്നീട് ഏകദേശം 24 മണിക്കൂറിനുശേഷമാണ് പൊലീസ് വീട് പൊളിക്കാൻ തീരുമാനിച്ചത്.

തലേന്ന് രാത്രി പത്തു മണിക്ക് വീട്ടിലേക്ക് വന്ന സംഘം നോട്ടീസ് പതിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ 11 മണിക്ക് വീട് പൊളിക്കുകയാണെന്നും അതിനുമുൻപ് വീട്ടിൽനിന്ന് മാറിപ്പോകണമെന്നുമായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. തുടർന്ന് വീട്ടിനകത്തുള്ളതെല്ലാം നശിപ്പിച്ചു. ഈ നോട്ടീസിനു മുൻപും പൊളിച്ചുനീക്കുന്നതിനെക്കുറിച്ച് നോട്ടീസ് നൽകിയിരുന്നുവെന്ന് അതിൽ അവർ കള്ളം എഴുതിവെച്ചിരുന്നതായി അഫ്രീൻ അൽജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.