Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഫീൽ ഖാൻ: യോഗി...

കഫീൽ ഖാൻ: യോഗി ഭരണകൂടം തടവറയിലടച്ചത്​ 16 മാസം; വേട്ട തുടങ്ങിയത്​ 2017 മുതൽ

text_fields
bookmark_border
കഫീൽ ഖാൻ: യോഗി ഭരണകൂടം തടവറയിലടച്ചത്​ 16 മാസം; വേട്ട തുടങ്ങിയത്​ 2017 മുതൽ
cancel

ന്യൂഡൽഹി: ഡോ. കഫീൽ ഖാൻ എന്ന ശിശുരോഗ വിദഗ്​ധ​നെ യോഗി സർക്കാർ വേട്ടയാടാൻ തുടങ്ങിയിട്ട്​ വർഷം മൂന്ന്​ പിന്നിട്ടു. ഇതിനിടയിൽ രണ്ടു തവണയായി 16 മാസമാണ്​ അദ്ദേഹത്തെ​ കാരാഗൃഹത്തിലടച്ചത്​. രണ്ടു തവണയും വൈകിയെത്തിയ നീതിപീഠമാണ്​ അദ്ദേഹത്തി​ന്​ മോചനം നൽകിയത്​.

2017ല്‍ യോഗി ആദിത്യനാഥി​​െൻറ മണ്ഡലമായ ഉത്തര്‍ പ്രദേശ്​ ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണവുവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്​. ആഗസ്​റ്റ്​ 10ന്​ മാത്രം 67 കുട്ടികളാണ്​ ആശുപത്രിയിലെ ഓക്​സിജൻ വിതരണം നിലച്ചതിനെ തുടർന്ന്​ മരണപ്പെട്ടത്​. ഓക്​സിജൻ തീരാറായെന്ന വിവരം പലകുറി അധികൃതരെ അറിയിച്ചിട്ടും ആരോഗ്യവകുപ്പ്​ കേട്ടഭാവം നടിക്കാത്തതാണ്​ ദുരന്തത്തിന്​ വഴിയൊരുക്കിയത്​.

ഒടുവിൽ ജീവന്​ വേണ്ടി പിടയുന്ന കുരുന്നുകളെ രക്ഷിക്കാൻ കുട്ടികളുടെ ഡോക്​ടറായ ഇദ്ദേഹം, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചു. ഓക്​സിജൻ തീരുമെന്ന കാര്യം ദിവസങ്ങൾക്ക്​ മു​േമ്പ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ്​ കൂട്ടമരണത്തിനിടയാക്കിയതെന്ന്​ അദ്ദേഹം മാധ്യമങ്ങളോട്​ പ്രതികരിച്ചിരുന്നു. ഇതിൽ കലിപൂണ്ട യോഗി ഭരണകൂടം അന്ന്​ തുടങ്ങിയതാണ്​ ഇദ്ദേഹത്തെ വേട്ടയാടൽ.

കുരുന്നുജീവനുകൾ രക്ഷിക്കാൻ ഊണും ഉറക്കവുമൊഴിഞ്ഞ്​ യത്​നിച്ച ഡോക്​ടറെ തന്നെ യോഗി ഭരണകൂടം കൂട്ട മരണത്തിനുത്തരവാദിയാക്കി. ആഗസ്​റ്റ്​ 13ന്​ ജോലിയിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തു. സംസ്​ഥാന ആരോഗ്യ വകുപ്പ്​ ഡയറക്​ടർ കെ.കെ. ഗുപ്ത നൽകിയ പരാതി പ്രകാരം അദ്ദേഹത്തിനെതിരെ കള്ളക്കേസ്​ ചുമത്തി. ഐ.പി.സി 409, 308, 120 ബി, 420 വകുപ്പുകളും അഴിമതി നിരോധന നിയമം, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്റ്റ് സെക്ഷൻ 15 എന്നിവ പ്രകാരമായിരുന്നുകേസ്​. സെപ്റ്റംബർ രണ്ടിന് ഖാൻ അറസ്റ്റിലായി. ഒമ്പതു മാസമാണ്​ അദ്ദേഹത്തെ തടവിലിട്ടത്​.

ഒടുവിൽ, സംഭവത്തെ കുറിച്ച് അന്വേഷിച്ച ഡോക്​ടർമാരടങ്ങിയ അന്വേഷണ കമീഷൻ കഫീൽ ഖാന്​ ക്ലീൻ ചിറ്റ്​ നൽകി. തുടർന്ന്​ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ജയിൽമോചിതനായ ശേഷം കേരളത്തിലടക്കം സ്വീകരണമേറ്റുവാങ്ങിയ ഇദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഇതിനിടെയാണ്​ യോഗി സർക്കാർ പൗരത്വ പ്രക്ഷോഭത്തി​െൻറ പേരിൽ വീണ്ടും ജയിലിലടച്ചത്​. പൗരത്വ നിയമ ഭേദഗതിക്കെതിരേ 2019ൽ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസംഗിച്ചതി​​െൻറ പേരിലായിരുന്നു തടങ്കൽ. ദേശദ്രോഹ പ്രസംഗമാണ്​ നടത്തിയതെന്നായിരുന്നു ആരോപണം. എന്നാൽ, ഈ ആരോപണത്തെ ഇന്ന്​ അലഹബാദ്​ ഹൈകോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.

രാജ്യത്തെ പൗരന്മാരോട്​ ​െഎക്യത്തിൽ കഴിയാനും അക്രമം നിരാകരിക്കാനും ആവശ്യപ്പെടുന്നതാണ്​ ഡോ. കഫീൽ ഖാ​ൻ അലിഗഡിൽ നടത്തിയ പ്രസംഗമെന്നാണ്​ അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ഉത്തരവിൽ ​അലഹബാദ്​ ഹൈകോടതി വ്യക്​തമാക്കിയത്​. ദേശ സുരക്ഷ നിയമം (എൻ.എസ്​.എ) ചുമത്തിയത്​ ശരിവെച്ച ജില്ലാ മജിസ്‌ട്രേറ്റ്, കഫീലി​​െൻറ​​ പ്രസംഗത്തി​െൻറ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കാതെ ചില വാക്യങ്ങൾ മാത്രം മുറിച്ചെടുത്താണ്​ ​പരിഗണിച്ചതെന്ന്​​ തോന്നുന്നുവെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സൗമിത്ര ദയാൽ സിങ്ങും അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിരീക്ഷിച്ചു.

അലിഗഡ് പ്രസംഗത്തി​െൻറ പേരിൽ 2020 ജനുവരി 29ന്​ മുംബൈയിൽ വെച്ചാണ്​ ഉത്തർപ്രദേശ്​ പ്രത്യേക ദൗത്യസംഘം ഇദ്ദേഹത്തെ പിടികൂടിയത്​. കേസില്‍ അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കസ്റ്റഡി തുടരുകയും ദേശ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു. മേയ് 12ന് അലിഗഢ് ജില്ലാ ഭരണകൂടം ഡോ. കഫീല്‍ ഖാ​​െൻറ തടവ് ആഗസ്റ്റ് വരെ നീട്ടി. കോവിഡ്​ പശ്​ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിംകോടതി ഉത്തരവും ഇദ്ദേഹത്തി​​െൻറ കാര്യത്തിൽ നടപ്പാക്കിയില്ല.

ജയിലില്‍ അഞ്ചുമാസം പിന്നിട്ടപ്പോൾ ഡോ. കഫീല്‍ ഖാന്‍ ജയിലിലെ ദുരവസ്ഥ പങ്കുവെച്ച്​ സമൂഹത്തിന്​ തുറന്ന കത്തയച്ചിരുന്നു. 534 തടവുകാരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഥുര ജയിലില്‍ ഇപ്പോഴുള്ളത് 1600 തടവുകാരാണെന്നും സ്​ഥിതി ഗുരുതരമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

''എന്തിനാണ്​ എന്നെ ശിക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക്​ ഇനി പ്രവര്‍ത്തിക്കാന്‍ കഴിയുമോ?. എ​​െൻറ മക്കളെയും ഭാര്യയെയും അമ്മയെയും സഹോദരങ്ങളെയും എപ്പോള്‍ കാണാനാകുമെന്നും അറിയില്ല. തിങ്ങിനിറഞ്ഞ ബാരക്കില്‍ എപ്പോഴും വിയര്‍പ്പി​​െൻറയും മൂത്രത്തി​​െൻറയും ഗന്ധം നിറഞ്ഞുനില്‍ക്കും. ലൈറ്റുകള്‍ അണഞ്ഞാൽ ഉറങ്ങാന്‍ ശ്രമിക്കും. രാവിലെ അഞ്ചു മണിയാകുന്നത് വരെ കാത്തിരിക്കും. ഞാന്‍ എന്തു കുറ്റത്തി​​െൻറ പേരിലാണ് ശിക്ഷയനുഭവിക്കുന്നത്?'' എന്നും ജയിലിൽ നിന്ന്​ എഴുതിയ കത്തിൽ ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. ഡോക്​ടറുടെ സഹോദരന്‍ അദീല്‍ ഖാനാണ്​ ഈ എഴുത്ത്​ പുറത്തുവിട്ടത്​.

കഫീൽ നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ്​ നീട്ടിവെക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കേസ്​ കേൾക്കേണ്ട ബെഞ്ചിൽ നിന്ന്​ ജഡ്​ജിമാർ പിന്മാറുന്നതും പതിവായി​. ഒടുവിൽ മ​ക​െൻറ മോചനമാവശ്യപ്പെട്ട്​ മാതാവ്​ നു​സ്​​ഹ​ത്ത്​ പ​ർ​വീ​ൻ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സുപ്രീംകോടതി ഹൈകോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അലഹബാദ് ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ​ബെഞ്ചാണ് ഏഴുമാസമായി തടങ്കലിൽ കഴിയുന്ന അദ്ദേഹ​ത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്​. നീതിന്യായ വ്യവ​സ്​ഥയെ അപഹസിക്കുന്ന യോഗി ഭരണകൂടം, ഇനി എന്ത്​ കുരുക്കാണ്​ അദ്ദേഹത്തിന്​ ഒരുക്കിവെച്ചിരിക്കുന്നതെന്ന്​ കാത്തിരുന്ന്​ കാണേണ്ടി വരും.

Show Full Article
TAGS:Allahabad HC Dr Kafeel Khan NSA charges immediate release yogi 
Next Story