ദേശീയ പതാകയെ നായയെ ഇരുത്തി അപമാനിച്ച കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് അലഹബാദ് ഹൈകോടതി
text_fieldsലക്നോ: ത്രിവർണ പതാകയെ അപമാനിക്കുകയും പാക്കിസ്താനെ അനുകൂലിക്കുകയും ചെയ്തുവെന്ന കേസിൽ മുസാഫർ സ്വദേശിയായ വാസിക് ത്യാഗിയുടെ ജാമ്യാപേക്ഷ തള്ളി അലഹബാദ് ഹൈകോടതി. ഫേസ്ബുക് പോസ്റ്റ് പ്രകോപനപരവും, ആക്ഷേപകരവും, സാമുദായിക സംഘർഷം സൃഷ്ടിക്കുന്നതും, പൊതു സമാധാനവും ക്രമസമാധാനവും തകർക്കാൻ ശേഷിയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് കുമാർ സിങ്ങിന്റെ സിംഗ്ൾബെഞ്ച് അപേക്ഷ തള്ളുകയായിരുന്നു. ഇത്തരം പ്രവൃത്തികൾ സമൂഹത്തിന് അപകടകരമാണ് എന്നും കോടതി നിരീക്ഷിച്ചു.
2025 മെയ് 16 നാണ് വാസിക് ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തത്. ജൂൺ 7ന് ത്യാഗിയെ അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിൽ നിന്ന് ലഭിച്ച വിശദാംശങ്ങൾ, പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ഐ.പി വിലാസങ്ങൾ എന്നിവ സ്ഥിരീകരിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു.
പാകിസ്താനെ പിന്തുണച്ച് ‘കമ്രാൻ ഭട്ടി പ്രൗഡ് ഓഫ് യു. പാകിസ്താൻ സിന്ദാബാദ്’ എന്ന പോസ്റ്റും ഇന്ത്യൻ ദേശീയ പതാക നിലത്ത് വെക്കുകയും അതിൽ ഒരു നായയെ ഇരുത്തുകയും ചെയ്തതായി ആരോപിക്കുന്ന മറ്റൊരു പോസ്റ്റുമാണ് എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് വാസിക് ത്യാഗിക്കെതിരെ എഫ്.ഐ.ആറിൽ ഫയൽ ചെയ്തത്.
ഇന്ത്യൻ ദേശീയ പതാക അഭിമാനത്തിന്റെയും ദേശ സ്നേഹത്തിന്റെയും പ്രതീകമാണ്. അതിനെ തകർക്കുന്ന വിധത്തിലുള്ള സമീപനങ്ങൾ പരിഗണിക്കാൻ കഴിയുന്നതല്ലെന്ന് കോടതി പറഞ്ഞു.
നമ്മുടെ രാജ്യത്തിൻറെ പ്രതിച്ഛായയെയും ദേശീയ പതാകയേയും ഏതെങ്കിലും തരത്തിൽ അപകീർത്തിപ്പെടുത്തുന്ന ഏതൊരു വ്യക്തിയും സമൂഹത്തിന് അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

