22 വർഷം നീണ്ട വിചാരണയുടെ പേരിൽ പ്രതികൾക്ക് ശിക്ഷാ ഇളവ്; ‘അമിതമായ ഔദാര്യം’ ചൂണ്ടിക്കാണിച്ച് ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിചാരണക്കോടതിയുടെ ഉദാരമനസ്കതയും അലഹബാദ് ഹൈകോടതിയുടെ അനാവശ്യമായ അനുകമ്പയും കാരണം ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക് ഒരു ദിവസം പോലും ജയിൽശിക്ഷ അനുഭവിക്കാതെ പുറത്തിറങ്ങാൻ വഴിയൊരുങ്ങിയെന്ന് സുപ്രീം കോടതി. 22 വർഷത്തോളം കേസിന്റെ വിചാരണ നീണ്ടുപോയി എന്ന കാരണം പറഞ്ഞാണ് രണ്ട് പ്രതികൾക്ക് ആനുകൂല്യം നൽകിയത്. എന്നാൽ ഇപ്പോഴും ചികിത്സയിൽ കഴിയുന്ന ഇരയുടെ അവസ്ഥ കോടതികൾ പരിഗണിച്ചില്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.
പ്രതികൾക്ക് ശിക്ഷ അനുഭവിക്കേണ്ടിവരാത്ത സാഹചര്യം സൃഷ്ടിച്ചതിലൂടെ ഇരക്ക് നീതി ലഭ്യമാക്കുന്നതിൽ കോടതികൾ പരാജയപ്പെട്ടുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പിന്നാലെ, പ്രതികൾ ഉടൻ കീഴടങ്ങണമെന്നും അലഹബാദ് ഹൈകോടതി കേസ് വീണ്ടും പരിഗണിച്ച് പുതിയ വാദം കേൾക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
2003 ലെ കേസിൽ, വിചാരണക്കോടതി പ്രതികൾക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും ഹൈകോടതി ഇവരെ പ്രൊബേഷനിൽ വെറുതെ വിടുകയായിരുന്നു. കേസ് പരിഗണിച്ച ഘട്ടം മുതൽ പ്രതികളെ പ്രൊബേഷൻ വ്യവസ്ഥയിൽ വിട്ടയച്ചതുവരെയുള്ള നടപടികളിൽ വിചാരണക്കോടതിയും ഹൈകോടതിയും വളരെ ലാഘവത്തോടെയാണ് ഇടപെട്ടതെന്ന് സുപ്രീംകോടതി പറഞ്ഞു. ‘നിയമപരമായ വ്യാഖ്യാനങ്ങളുടെ പേരിൽ കാണിച്ച തെറ്റായ സഹതാപം കാരണം പ്രതികൾക്ക് ഒരു ദിവസം പോലും ജയിൽശിക്ഷ അനുഭവിക്കാതെ രക്ഷപ്പെടാൻ സാധിച്ചു," സുപ്രീംകോടതി വിമർശിച്ചു. നീണ്ടുനിൽക്കുന്ന വിചാരണ പ്രതികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നത് ശരിയാണെങ്കിലും അതിന്റെ പേരിൽ കുറ്റകൃത്യത്തിന്റെ ഗൗരവവും ഇരയുടെ ദുരിതവും അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മർദ്ദനമേറ്റ് രണ്ട് കൈകളുടെയും ശേഷി കാര്യമായി നഷ്ടപ്പെട്ട ഇരയുടെ സഹോദരൻ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഈ നിർണായക ഉത്തരവ്. അലഹബാദ് ഹൈകോടതി അതിരുകടന്ന തീരുമാനമാണ് എടുത്തതെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രതികൾക്കെതിരെ മറ്റ് നിരവധി ക്രിമിനൽ കേസുകളുണ്ടെന്നും അവരുടെ സ്വഭാവം മോശമാണെന്നും വ്യക്തമാക്കുന്ന പ്രതികൂല റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും ഹൈകോടതി എങ്ങനെയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.

