സർവകക്ഷി സംഘം; അനുനയവുമായി കേന്ദ്രമന്ത്രി, അഭിഷേകിനെ നിർദേശിച്ച് മമത
text_fieldsമമത ബാനർജി
ന്യൂഡൽഹി: ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങളോട് നിലപാട് അറിയിക്കാനുള്ള സംഘത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായ എം.പിയെ കൂടിയാലോചനയില്ലാതെ നിയോഗിച്ച നടപടിയിൽ പാർട്ടി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ സമാധാനിപ്പിച്ച് കേന്ദ്ര സർക്കാർ. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മമതയെ വിളിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിനിധിയെ അയക്കണമെന്ന റിജിജുവിന്റെ അഭ്യർഥനയെ തുടർന്ന് അഭിഷേക് ബാനർജിയെ മമത നിർദേശിച്ചു. സർക്കാർ പാർട്ടിയുമായി കൂടിയാലോചിക്കേണ്ടതായിരുന്നുവെന്ന് റിജിജു മമതയോട് പറഞ്ഞു.
എം.പിമാരുടെ പ്രതിനിധി സംഘങ്ങൾക്കായി സർക്കാർ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പേരുകൾ തേടിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പ്രതികരിച്ചത്. സുദീപ് ബന്ദോപാധ്യായയെ ആണ് സർക്കാർ ആദ്യം പട്ടികയിലുൾപ്പെടുത്തിയത്. ആരോഗ്യ പ്രശ്നങ്ങളാൽ അദ്ദേഹം പിന്മാറിയതിനെ തുടർന്ന്, ക്രിക്കറ്റ് താരം യൂസുഫ് പത്താൻ എം.പിയെയാണ് കേന്ദ്രം പിന്നീട് നിർദേശിച്ചത്. പത്താൻ അസൗകര്യമറിയിക്കുകയും പാർട്ടിയുമായി കൂടിയാലോചിക്കാത്തതിന് മമത വിമർശനമുയർത്തുകയും ചെയ്തതോടെയാണ് കേന്ദ്രമന്ത്രി നേരിട്ട് വിളിച്ചത്.
പാർലമെന്ററി പാർട്ടി ചെയർപേഴ്സനെയും പാർട്ടിയെയും വിഷയം അറിയിച്ചില്ലെന്നും മമത പറഞ്ഞിരുന്നു. കേന്ദ്രത്തിൽ നിന്ന് ഔപചാരിക അറിയിപ്പ് കിട്ടിയാൽ പ്രതിനിധികളെ അയക്കുമെന്ന് മമത ബാനർജി പറഞ്ഞു. ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തിലാണ് തൃണമൂൽ പ്രതിനിധിയെ ഉൾപ്പെടുത്തിയത്.
സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീർ ഹുസൈൻ, അമരീന്ദർ സിങ് രാജ വാറിംഗ് എന്നീ എം.പിമാരെ കോൺഗ്രസ് നിർദേശിച്ചെങ്കിലും ആനന്ദ് ശർമ ഒഴികെയുള്ളവരെ സർക്കാർ തഴയുകയായിരുന്നു. പട്ടികയിലില്ലാത്ത ശശി തരൂരിനെ ഉൾപ്പെടുത്തിയതും വിവാദമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

