സംസ്ഥാനങ്ങളിലൂടെ രാജ്യം ഏക സിവിൽ കോഡിലേക്ക്; നിലപാട് വ്യക്തമാക്കാതെ എൻഡിഎ ഘടക കക്ഷികൾ
text_fieldsന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി-എൻ.ഡി.എ സംസ്ഥാനങ്ങളെല്ലാം ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോടെ സംസ്ഥാനങ്ങളിലൂടെ രാജ്യമൊട്ടുക്കും ഏക സിവിൽകോഡ് നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ അജണ്ടയെന്ന് വ്യക്തമായി.
കേന്ദ്ര നിയമത്തിനുപകരം സംസ്ഥാന നിയമം കൊണ്ടുവന്ന് രാജ്യമൊട്ടുക്കും ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. എന്നാൽ, നിരവധി ബി.ജെ.പി മുഖ്യമന്ത്രിമാർ അമിത് ഷായെ പിന്തുണച്ചു. എൻ.ഡി.എ ഘടക കക്ഷികൾ നിലപാട് വ്യക്തമാക്കാനിരിക്കേ വിഷയം ചർച്ച ചെയ്യാൻ അമിത് ഷായെ കാണുമെന്ന് കേന്ദ്രത്തിലും ബിഹാറിലും എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ-യു അറിയിച്ചു.
രാമക്ഷേത്ര നിർമാണത്തിനും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനുമൊപ്പം ആർ.എസ്.എസ് പ്രത്യയശാസ്ത്രപരമായി നടപ്പാക്കാൻ ആഗ്രഹിച്ചിരുന്ന ഏക സിവിൽ കോഡ് പാർലമെൻറിൽ നിയമ നിർമാണം നടത്തി ദേശീയതലത്തിൽ നടപ്പാക്കാനാവില്ലെന്ന് കണ്ടതോടെയാണ് സംസ്ഥാന നിയമസഭകളിലൂടെ ബി.ജെ.പി നടപ്പാക്കിത്തുടങ്ങിയത്.
പല സംസ്ഥാനങ്ങളിലും തങ്ങൾ ഏക സിവിൽ കോഡ് കൊണ്ടുവന്നുവെന്നും ബി.ജെ.പി, എൻ.ഡി.എ സർക്കാറുകൾ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് കൊണ്ടുവരുമെന്നുമാണ് അമിത് ഷാ മുംബൈയിൽ പറഞ്ഞത്. പാർലമെന്റിൽ ബിൽ കൊണ്ടുവന്ന് രാജ്യത്തൊട്ടാകെ ഏകീകൃത നിയമം നടപ്പാക്കുന്നതിന് ബി.ജെ.പിക്ക് നിരവധി തടസ്സങ്ങളുണ്ട്.
തങ്ങൾ ലക്ഷ്യമിടുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കപ്പുറം ഹിന്ദുക്കളുടെ കൂട്ടത്തിലെണ്ണുന്ന വ്യത്യസ്ത ജാതി വർഗ ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങളെയും ബാധിക്കും. പാർലമെന്റിൽ നിയമനിർമാണം നടത്തുമ്പോൾ നൂറുകണക്കിന് സാമൂഹിക വിഭാഗങ്ങളുടെ വ്യക്തി നിയമങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് പഠിച്ച് നിയമമുണ്ടാക്കുകയെന്നത് ബി.ജെ.പിക്ക് ദുഷ്കരമായി തോന്നി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങൾ ഈ നിലക്ക് ഏക സിവിൽ കോഡിനുള്ള വലിയ പ്രതിബന്ധമായി നിൽക്കുകയും ചെയ്തിരുന്നു.
അതോടെയാണ് ഈ അജണ്ട ഉത്തരാഖണ്ഡിൽനിന്ന് നടപ്പാക്കാൻ ബി.ജെ.പി തുനിഞ്ഞിറങ്ങിയത്. ഉത്തരാഖണ്ഡ് മോഡൽ ഏക സിവിൽ കോഡ് മാതൃകയാക്കുമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രയ ഹൊസബാലെ രണ്ടുവർഷം മുമ്പേ വ്യക്തമാക്കുകയും ചെയ്തു.
അവിടെ അത് നടപ്പിലാക്കുന്നത് പഠിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷയായി നിയോഗിച്ച മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയെ തന്നെ മറ്റു ചില ബി.ജെ.പി സംസ്ഥാനങ്ങളും ഇതേ പഠനത്തിന് ഏൽപിച്ച് ഉത്തരാഖണ്ഡ് മാതൃക പിന്തുടരുകയാണ്. അതിനി 21 സംസ്ഥാനങ്ങളിലും അനുവർത്തിക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.
അമിത് ഷായെ കാണാൻ ജെ.ഡി-യു നേതാക്കൾ
ന്യൂഡൽഹി: ബിഹാറിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജെ.ഡി-യു നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. പാർട്ടി വർക്കിങ് പ്രസിഡന്റ് സഞ്ജയ് ഝാ അറിയിച്ചതാണ് ഇക്കാര്യം. ലോക്സഭയിൽ 12 എം.പിമാരുള്ള ജെ.ഡി (യു) ദേശീയ ജനാധിപത്യ സഖ്യത്തിലെ നിർണായക ഘടകകക്ഷിയാണ്. നിതീഷ് കുമാർ നേതൃത്വം നൽകുന്ന പാർട്ടി ബിഹാറിൽ ബി.ജെ.പിയുമായി അധികാരം പങ്കിടുന്നുണ്ട്. അതേ സമയം ബി.ജെ.പിയുടെ സഖ്യകക്ഷികൾക്ക് സ്വതന്ത്രമായ രാഷ്ട്രീയ നിലപാട് പുലർത്താൻ കഴിയുന്നുണ്ടോയെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി എം.പി ചോദിച്ചു.
ഏക സിവിൽ കോഡ് അനിവാര്യമോ അഭിലഷണീയമോ അല്ലെന്ന് എൻ.ഡി.എ സർക്കാർ നിയമിച്ച നിയമകാര്യ കമീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് എക്സ് പോസ്റ്റിൽ ഉവൈസി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ആത്മാവ് അതിന്റെ ബഹുസ്വരതയാണ്. ഏക സിവിൽ കോഡ് എന്നത് ഹിന്ദു നിയമം ഹിന്ദുക്കൾ അല്ലാത്തവരിൽ അടിച്ചേൽപിക്കലാണ്. മുസ്ലിംകളും ഹിന്ദുക്കളും തമ്മിൽ സ്വത്ത് വിൽപന നിരോധിക്കുന്ന അസ്വസ്ഥ മേഖലാ നിയമം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തന്നെ നടപ്പാക്കുമ്പോൾ ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള താൽപര്യം വിരോധാഭാസമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. രാജ്യത്ത് സ്ത്രീ-പുരുഷ അസമത്വവും വിവേചനവും ഇല്ലാതാക്കുന്നതിൽ അതൊരു നാഴികക്കല്ലാകുമെന്ന് വി.എച്ച്.പി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

