റഷ്യയിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെഡിക്കൽ സ്റ്റുഡന്‍റ്സ് അസോസിയേഷൻ
text_fieldsന്യൂഡൽഹി: റഷ്യയിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ പതിനഞ്ചുകാരൻ ആക്രമിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ആൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (എ.ഐ.എം.സി.എ). റഷ്യയിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെഡിക്കൽ സ്റ്റുഡന്‍റ്സ് അസോസിയേഷൻ കത്തയച്ചു.
ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ ആശങ്കയുണ്ട്. വിദ്യാർഥികളുടെ ജീവന് ഭീഷണിയാണിത്. വിദേശത്ത് പഠിക്കുന്ന ആയിരക്കണക്കിന് മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ ഭയത്തിന്‍റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാർ റഷ്യയുമായി നയതന്ത്ര തലത്തിലുള്ള ഇടപെടൽ നടത്തി ആക്രമണത്തിന് ഇരയായ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കണം. ഇന്ത്യൻ വിദ്യാർഥികൾക്കുള്ള സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
റഷ്യയിലെ ബഷ്കീർ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ 15കാരന്‍ നടത്തിയ കത്തി ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥികളടക്കം നിരവധി പേർക്കാണ് പരിക്കേറ്റത്. നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെയും രണ്ട് പൊലീസുകാരെയും 15കാരൻ കുത്തി പരിക്കേൽപ്പിച്ചു. ബഷ്കോർട്ടോസാൻ റിപ്പബ്ലിക്കിലെ യൂനിവേഴ്സിറ്റിയുടെ വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിലാണ് ആക്രമണം നടന്നത്.
അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടെയാണ് പൊലീസുകാർക്ക് പരിക്കേറ്റത്. സ്പോർട്സ് ഹാളിലെത്തിയ അക്രമി വിദ്യാർഥികളെ കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിനിടെ സ്വയം കുത്തി പരിക്കേൽപ്പിച്ച 15കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

