പി.എഫ്.ഐ വേട്ട രാഷ്ട്രീയപ്രേരിതമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ്
text_fieldsബംഗളൂരു: പോപുലർഫ്രണ്ട് ഓഫ് ഇന്ത്യക്കെതിയെ ദേശീയ അന്വേഷണ ഏജൻസിയും ഇ.ഡിയും നടത്തിയ റെയ്ഡ് അടക്കമുള്ള നടപടികൾ രാഷ്ട്രീയപ്രേരിതവും സർക്കാർസംവിധാനങ്ങളെ ദുരുപയോഗിക്കുന്നതിന് ഉദാഹരണമാണെന്നും ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് ആരോപിച്ചു.
സംഘടനയുടെ നിരവധി നേതാക്കളും അംഗങ്ങളും അറസ്റ്റിലായിട്ടുണ്ട്. അടിസ്ഥാനരഹിതമായ പരാതികളുടേയും ആരോപണങ്ങളുടേയും പേരിലാണ് ബംഗളൂരുവിലെ നടപടികൾ ഉണ്ടായിരിക്കുന്നത്. സമൂഹത്തിലെ പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും ക്ഷേമത്തിനായി വിവിധ പ്രചാരണങ്ങൾ നടത്തി എന്നും പി.എഫ്.ഐക്കെതിരായ ആരോപണമാണ്. പൊലീസ് അതിക്രമം, വ്യാജ ഏറ്റുമുട്ടലുകൾ, നിരപരാധികളുടെ അന്യായ തടങ്കൽ തുടങ്ങിയ കാര്യങ്ങളിൽ പി.എഫ്.ഐ കാമ്പയിനുകൾ നടത്തിയതും നടപടിക്ക് പിന്നിലെ കാരണമാണ്.
ആർ.എസ്.എസും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള ഹിന്ദുത്വസംഘടനകൾ നടത്തുന്ന അക്രമസംഭവങ്ങൾ വെളിപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ വിവിധ കോടതികളിൽ ഉണ്ടായിട്ടുണ്ട്. രാജ്യത്തുടനീളം സ്ഫോടനം നടത്താനും ബോംബ് നിർമാണത്തിന് പരിശീലനം നൽകാനും ആർ.എസ്.എസ് അടക്കമുള്ളവർ ശ്രമിക്കുന്നുവെന്നും ഇവ നടപ്പിലാക്കിയെന്നും ആ സംഘടനകളിൽ മുമ്പ് പ്രവർത്തിച്ചവർ തന്നെ വെളിപ്പെടുത്തുന്നു.
ഈ സാഹചര്യത്തിലാണ് പി.എഫ്.ഐക്കെതിരായ നടപടികൾ ഉണ്ടാകുന്നത്. ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗിക്കുന്ന ഇത്തരം നടപടികൾക്കെതിരെ സംഘടന ശക്തമായി അപലപിക്കുന്നതായും ജനറൽ സെക്രട്ടറി ക്ലിഫ്ടൺ ഡി. റൊസാരിയോ, പ്രസിഡന്റ് മൈത്രേയി കൃഷ്ണൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

