ഗാന്ധിയുടെ മണ്ണിൽ പട്ടേലിന്റെ പൈതൃകം ഓർമിപ്പിച്ച് കോൺഗ്രസ്
text_fieldsഅഹ്മദാബാദ്: ആറര പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആറാം സമ്മേളനത്തിന് ഗുജറാത്ത് അതിഥ്യമരുളുമ്പോൾ മഹാത്മാഗാന്ധിയുടെ മണ്ണിൽ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പൈതൃകം തങ്ങളുടേത് മാത്രമാണെന്ന് ബി.ജെ.പിയെ ഓർമിപ്പിക്കുകയാണ് കോൺഗ്രസ്.
പ്രവർത്തക സമിതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജയറാം രമേശും പട്ടേൽ കോൺഗ്രസിന്റേതാണെന്നും മറ്റാരുടേതുമല്ലെന്നും ഓർമിപ്പിച്ചു. മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന് നൂറുവർഷമാകുകയും സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 150ം ജന്മവാർഷികവും ചേർന്നുവന്ന സമയമാണ് ഗുജറാത്തിൽ എ.ഐ.സി.സി സമ്മേളനം നടത്തുന്നതെന്നും അതിനേറെ പ്രധാന്യമുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.
പട്ടേലും നെഹ്റുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കള്ളം പ്രചരിപ്പിച്ച ബി.ജെ.പി അദ്ദേഹം രാജ്യത്തെ പഠിപ്പിച്ചതെന്തെന്ന് വിസ്മരിച്ചു. ഗുജറാത്തിന്റെ മണ്ണിൽ ജനിച്ച മൂന്ന് മഹാരഥന്മാരാണ് കോൺഗ്രസിന്റെ യശസ്സ് ലോകമെമ്പാടുമുയർത്തിയതെന്ന് വിശാല പ്രവർത്തക സമിതിയെ അഭിസംബോധന ചെയ്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ദാദാഭായ് നവറോജി , മഹാത്മാഗാന്ധി, സർദാർ വല്ലഭ്ഭായി പട്ടേൽ എന്നിവരായിരുന്നു അത്. ഇവരെല്ലാവരും കോൺഗ്രസ് പ്രസിഡന്റുമാരായിരുന്നു.
പട്ടേലിന്റെ പ്രത്യയശാസ്ത്രം ആർ.എസ്.എസിന്റെ ആശയങ്ങൾക്ക് വിരുദ്ധമായിരുന്നു. അദ്ദേഹം ആർ.എസ്.എസിനെ നിരോധിക്കുകയും ചെയ്തു. എന്നാൽ, ഇന്ന് അതേ സംഘടനയിലെ ആളുകൾ സർദാർ പട്ടേലിന്റെ പൈതൃകം അവകാശപ്പെടുന്നത് പരിഹാസ്യമാണ്. സർദാർ പട്ടേൽ കോൺഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കറാച്ചി കോൺഗ്രസിൽ പാസാക്കിയ മൗലികാവകാശങ്ങളെക്കുറിച്ചുള്ള പ്രമേയങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവാണ്.
ഭരണഘടനാ അസംബ്ലിയിലെ പ്രധാനപ്പെട്ട ‘മൗലികാവകാശങ്ങൾ, ന്യൂനപക്ഷങ്ങൾ, ഗോത്രവർഗക്കാർ, ഒഴിവാക്കപ്പെട്ട മേഖലകൾ എന്നിവയെക്കുറിച്ചുള്ള ഉപദേശക സമിതി'യുടെ ചെയർമാനായിരുന്നു സർദാർ പട്ടേൽ. സർദാർ പട്ടേലും പണ്ഡിറ്റ് നെഹ്റുവും പരസ്പരം എതിരാണെന്ന് ചിത്രീകരിക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് ഖാർഗെ പറഞ്ഞു. ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായിരുന്നു.
ഇവരുടെ ഊഷ്മള ബന്ധത്തിന് സാക്ഷ്യമായി 1937ൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റായിരിക്കെ ഗുജറാത്ത് വിദ്യാപീഠത്തിൽ സർദാർ പട്ടേൽ നടത്തിയ പ്രസംഗവും 1949 ഒക്ടോബർ 14ന് സർദാർ പട്ടേൽ നെഹ്റുവിനയച്ച അഭിനന്ദന സന്ദേശവും ഖാർഗെ ഉദ്ധരിച്ചു. നെഹ്റു അദ്ദേഹത്തെ ‘ഇന്ത്യയുടെ ഐക്യത്തിന്റെ സ്ഥാപകൻ’ എന്നാണ് വിളിച്ചിരുന്നത്. ഇരുവരും തമ്മിൽ മിക്കവാറും ദിവസം കത്തിടപാടുകൾ ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും നെഹ്റു അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചിരുന്നു. ഒക്ടോബർ 31 ന് പട്ടേലിന്റെ 150ാം ജന്മവാർഷികമാണ്. രാജ്യമെമ്പാടും കോൺഗ്രസ് അദ്ദേഹത്തിന്റെ 150ാം ജന്മവാർഷികം ആഘോഷിക്കുമെന്നും ഖാർഗെ പറഞ്ഞു.
ഗുജറാത്തിനും പട്ടേലിനും പ്രത്യേക പ്രമേയങ്ങൾ
അഹ്മദാബാദ്: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ ഗുജറാത്തിൽ സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി ഗുജറാത്തിനായി അവതരിപ്പിച്ച പ്രത്യേക പ്രമേയത്തിൽ വ്യക്തമാക്കി.
30 വർഷത്തെ ബി.ജെ.പി ഭരണംകൊണ്ട് നാശവും തകർച്ചയും നേരിടുന്ന സംസ്ഥാനമായി ഗുജറാത്ത് മാറിയെന്ന് പ്രമേയം കുറ്റപ്പെടുത്തി. ‘സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ധ്വജവാഹകൻ - നമ്മുടെ സർദാർ വല്ലഭ്ഭായ് പട്ടേൽ’ എന്ന പേരിലുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി.
കർഷകരുടെ ശബ്ദം അടിച്ചമർത്തിയും പ്രാദേശികവും ഭാഷാപരവും വർഗീയവുമായ ഭിന്നത സൃഷ്ടിച്ചും പട്ടേലിന്റെ പൈതൃകത്തെ അവമതിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

