Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരും കേൾക്കാത്ത...

ആരും കേൾക്കാത്ത പാർട്ടി! 1000ൽ താഴെ വോട്ട്!!; 20 തൃണമൂൽ എംപിമാർ ചേർന്ന എൻ.സി.പി.ഐയെ അറിയാം..

text_fields
bookmark_border
TMC
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച തൃണമൂൽ കോൺഗ്രസിലെ 20 വിമത എം.പിമാർ ചേർന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ ഏതാണ് എന്ന അന്വേഷണത്തിലാണ് എല്ലാവരും. 2023ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ യാതൊരു ചലനവും ഉണ്ടാക്കാൻ കഴിയാതിരുന്ന ഒരു ചെറിയ പാർട്ടിയായിരുന്നു എൻ.സി.പി.ഐ. എന്നാൽ നിലവിലെ സംഭവവികാസങ്ങളോടെ പ​ശ്ചിമ ബംഗാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.സി.പി.ഐയുടെ ഉത്ഭവം, നേതൃത്വം, അതിന്റെ ഘടന എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിരിക്കുകയാണ്.

2023 ജനുവരിയിൽ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പാണ് എൻ.സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തത്. പശ്ചിമ ബംഗാൾ കേന്ദ്രമായാണ് രജിസ്റ്റർ ചെയ്തതെങ്കിലും പാർട്ടി ആദ്യമായി ജനവിധി തേടാൻ തിരഞ്ഞെടുത്തത് ത്രിപുരയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം പാർട്ടിയുടെ ആകെ സംഭാവന വെറും 1.13 ലക്ഷം രൂപ മാത്രമാണ്. പാർട്ടിയുടെ രജിസ്റ്റർ ചെയ്ത വിലാസം ബംഗാളിലെ ഹൗറ ജില്ലയിലുള്ള ബാനിപൂർ പ്രദേശത്താണ്.

ഉത്തിയ കുണ്ഡു പ്രസിഡന്റും ഭാര്യ ശേവ്ലി കുണ്ഡു പാർട്ടിയുടെ ട്രഷററുമാണ്. ശേവ്ലി ഇതേ വിലാസത്തിൽ തന്നെയുള്ള ബിശ്വബസാർ പ്രൈവറ്റ് ലിമിറ്റഡ്, പശ്ചിമ ബംഗാ അസംഗതിത മഹിളാ കർമി അസോസിയേഷൻ എന്നീ സംഘടനകളുടെ ഡയറക്ടർ കൂടിയാണ്. കൂടാതെ, പാർട്ടിയുടെ പ്രസിഡന്റായ ഉത്തിയ കുണ്ഡു പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കൊപ്പമുള്ള ചിത്രം മുമ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളതും ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമാകുന്നുണ്ട്.

ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ മേഖലയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഗോത്രവർഗ്ഗ സമൂഹങ്ങളെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി രൂപീകരിച്ചതെന്ന് എൻ.സി.പി.ഐ നേതാവ് ശന്തനു ഡേ വ്യക്തമാക്കുന്നു. എന്നാൽ 2023ൽ ത്രിപുരയിൽ മത്സരിച്ച പാർട്ടിയുടെ പ്രകടനം അതീവ ദയനീയമായിരുന്നു. ഏഴ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും നാല് പേരുടെ നാമനിർദ്ദേശ പത്രിക തള്ളിപ്പോയി. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ചൗമാനുവിൽ 536 വോട്ടും, കൈലാസഹറിൽ 286 വോട്ടും ഉൾപ്പെടെ ആകെ 822 വോട്ടുകൾ മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. അംബാസയിൽ പാർട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച കൃഷ്ണകുമാർ ദേബ്ബർമ്മക്ക് 376 വോട്ടുകളും ലഭിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം നേതാക്കൾ ഓഫിസ് പൂട്ടി ബംഗാളിലേക്ക് മടങ്ങിയെന്നും പിന്നീട് തങ്ങളുമായി ഒരു ബന്ധവും പുലർത്തിയില്ലെന്നും ത്രിപുരയിലെ മുൻ സ്ഥാനാർഥികളായ ജഹാംഗീർ അലി, ബർജേദ ത്രിപുര എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര തർക്കങ്ങളും കാരണം പാർട്ടിക്ക് പിന്നീട് 2023ലെ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല. 2026ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ ഒരുക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാമ്പത്തിക ദാരിദ്ര്യം കാരണം അത് മുന്നോട്ട് പോയില്ലെന്ന് ശന്തനു ഡേ സമ്മതിക്കുന്നു. എന്നാൽ, ഇത്രയും ദുർബലമായ പശ്ചാത്തലമുള്ള ഈ പാർട്ടിയിലേക്കാണ് ഇപ്പോൾ ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് എം.പിമാരുടെ മൂന്നിൽ രണ്ട് ഭാഗത്തോളം വരുന്ന വലിയൊരു വിഭാഗം വിമതർ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്നത്.

ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് തങ്ങൾക്ക് സഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് വിമത എം.പിമാർ ആവശ്യപ്പെട്ടു കഴിഞ്ഞു. തങ്ങൾ പ്രത്യേക പാർലമെന്ററി ഗ്രൂപ്പായി അംഗീകരിക്കപ്പെടാൻ കത്ത് നൽകിയതായി വിമത ക്യാമ്പിലെ പ്രമുഖ നേതാവും എം.പിയുമായ കകോലി ഘോഷ് ദസ്തിദാർ അറിയിച്ചു. വിമത വിഭാഗം എൻ.സി.പി.ഐ എന്ന പ്രാദേശിക പാർട്ടിയിൽ ലയിച്ച കാര്യം തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സുദീപ് ബന്ദോപാധ്യായയും സ്ഥിരീകരിച്ചു. ബംഗാൾ രാഷ്ട്രീയത്തിൽ വൻ ഉലച്ചിലുണ്ടാക്കിയ ഈ കൂട്ടപ്പലായനം വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalTrinamool CongressTMCTripuraNCPI
News Summary - All About Nationalist Citizens Party, New Home Of 20 Rebel Trinamool MPs
Next Story