ഝാർഖണ്ഡ് എയർ ആംബുലൻസ് അപകടം: വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു
text_fieldsഅപകടത്തിൽ തകർന്ന വിമാനം
റാഞ്ചി: ഝാർഖണ്ഡിലെ ചത്ര ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴുപേർക്കും ദാരുണാന്ത്യം. റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഏഴുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി എസ്.ഡി.പി.ഒ ശുഭം ഖണ്ഡേൽവാൽ സ്ഥിരീകരിച്ചു. ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, ക്യാപ്റ്റൻ സവ്‌രാജ്‌ദീപ് സിംഗ്, സഞ്ജയ് കുമാർ (രോഗി), ഡോ. വികാസ് കുമാർ ഗുപ്ത, സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ എന്നിവരാണ് മരിച്ചത്.
റെഡ്ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള വിമാനം വൈകുന്നേരം 7:11നാണ് റാഞ്ചി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത്. എന്നാൽ ഏകദേശം 20 മിനിറ്റിനുള്ളിൽ വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായി. പിന്നീട് ചത്ര ജില്ലയിലെ സിമരിയയിലുള്ള ബാരിയത്തു പഞ്ചായത്തിലെ വനമേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു.
ലാത്തേഹാർ ജില്ലക്കാരനായ സഞ്ജയ് കുമാർ (41) എന്ന രോഗിയെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫെബ്രുവരി 16ന് 65 ശതമാനം പൊള്ളലേറ്റ നിലയിലാണ് ഇദ്ദേഹത്തെ റാഞ്ചിയിലെ ദേവ്കമൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്നാണ് എയർ ആംബുലൻസ് മാർഗം ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
അപകടസമയത്ത് പ്രദേശത്ത് അതിശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും, കൃത്യമായ കാരണം വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് റാഞ്ചി എയർപോർട്ട് ഡയറക്ടർ വിനോദ് കുമാർ അറിയിച്ചു. വനമേഖലയായതിനാൽ രക്ഷാപ്രവർത്തനവും മൃതദേഹങ്ങൾ പുറത്തെടുക്കുന്നതും വെല്ലുവിളിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

