കൊടുംചൂട്... ലോകത്ത് ചൂടേറിയ 50 നഗരങ്ങളും ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യ കനത്ത ചൂടിൽ വലയുന്നതിനിടെ ലോകത്തിലെ ഏറ്റവും ചൂടേറിയ 50 നഗരങ്ങളും ഇന്ത്യയിലെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ വടക്ക്, മധ്യ, കിഴക്കൻ ഭാഗങ്ങളിൽ ഉഷ്ണതരംഗം ശക്തമായതോടെ വെള്ളിയാഴ്ച ഉച്ചക്ക് മുമ്പുതന്നെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി.
എയർ ക്വാളിറ്റി ആൻഡ് വെതർ ട്രാക്കർ പ്രകാരം ഇന്ത്യൻ സമയം രാവിലെ 10.50 ന് ലോകത്തിലെ ഏറ്റവും ചൂടേറിയ 50 നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരങ്ങളാണ് ഉൾപ്പെട്ടത്. 45 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ഒഡീഷയിലെ ബലാൻഗീറാണ് ഏറ്റവും ചൂടേറിയ നഗരം. 44 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ചന്ദ്രപൂരും പ്രയാഗ് രാജുമാണ് തൊട്ടുപിന്നിൽ. ഛത്തീസ്ഗഡ്, ബീഹാർ, തെലങ്കാന, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒന്നിലധികം നഗരങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്.
പട്ടികയിലെ പകുതിയിലധികം നഗരങ്ങളും ഉത്തർപ്രദേശിൽ നിന്നുള്ളവയാണ്, വാരണാസി, ബാന്ദ, ബറേലി, അയോധ്യ തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചക്ക് മുമ്പ് 42ഡിഗ്രി സെൽഷ്യസിനും 43ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില രേഖപ്പെടുത്തി.
അതേസമയം, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ഈ ആഴ്ച മുഴുവൻ കഠിനമായ ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിരവധി സംസ്ഥാനങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ പുറപ്പെടുവിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയും കനത്ത ചൂടിൽ വലയുകയാണ്. വരും ദിവസങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
പല സംസ്ഥാനങ്ങളിലും സൂര്യാതപ കേസുകളും വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും, ശരീരത്തിൽ ജലാംശം നിലനിർത്താനും, അത്യാവശ്യമല്ലാത്ത യാത്രകൾ പരിമിതപ്പെടുത്താനും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

