സാമ്പത്തിക ഭദ്രതയുള്ള ജീവിതപങ്കാളിക്ക് ജീവനാംശം നൽകാൻ കഴിയില്ല -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: സാമ്പത്തിക ഭദ്രതയുള്ള ജീവിതപങ്കാളിക്ക് ജീവനാംശം നൽകാൻ കഴിയില്ലെന്ന് ഡൽഹി ഹൈകോടതി. സ്ഥിര ജീവനാംശം സാമൂഹിക നീതിയുടെ അളവുകോലാണ്. ജീവനാംശം തേടുന്ന വ്യക്തി സാമ്പത്തിക സഹായത്തിന്റെ യഥാർത്ഥ ആവശ്യം തെളിയിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ ക്ഷേത്രർപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരാണ് കേസിൽ വിധി പറഞ്ഞത്. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ ഗ്രൂപ്പ് 'എ' ഓഫിസറായ യുവതി ജീവനാംശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി പറഞ്ഞത്. എന്നാൽ ഹരജി കോടതി തള്ളി.
2010ലാണ് അഭിഭാഷകനായ യുവാവുമായി യുവതിയുടെ വിവാഹം നടക്കുന്നത്. ഇരുവരും വിവാഹം കഴിഞ്ഞ് 14 മാസമാണ് ഒരുമിച്ച് താമസിച്ചത്. 2023 ആഗസ്റ്റിലാണ് വിവാഹ ബന്ധം ഏർപ്പെടുത്തിയത്. ഭർത്താവിനോടും കുടുംബത്തോടും ക്രൂരത കാണിച്ചത് ചൂണ്ടിക്കാട്ടുകയും ജീവനാംശം നൽകാനാവില്ലെന്നുമുള്ള കുടുംബകോടതിയുടെ വിധക്കെതിരെയാണ് യുവതി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ കുടുംബ കോടതിയുടെ വിധി ശരിവെച്ച ഹൈകോടതി സാമ്പത്തിക ഭദ്രതയുള്ള യുവതിക്ക് ജീവനാംശം നൽകാനാവില്ലെന്ന് ഉത്തരവിടുകയായിരുന്നു.
യുവതിക്ക് വിവാഹമോചനം നടന്നതില്‍ എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ലെന്നും അവര്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിലയിരുത്തി. വിവാഹബന്ധം വേർപ്പെടുത്തുന്നതിനെ എതിർക്കുന്നു എന്ന് പറയുന്ന യുവതി നിശ്ചിത തുക ലഭിച്ചാൽ വിവാഹമോചനത്തിന് സമ്മതിക്കാം എന്നും പറഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. യുവതി സാമ്പത്തിക പരിഗണനകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ഹിന്ദു വിവാഹ നിയമത്തിലെ സെഷന്‍ 25 പ്രകാരം സ്ഥിര ജീവനാംശവും ചെലവും നല്‍കുന്നതിന് കോടതികള്‍ക്ക് വിവേചനാധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
വിവാഹബന്ധം വേർപെടുത്തിയ ശേഷം സ്വന്തമായി ഉപജീവനമാർഗമില്ലാത്ത ഒരാൾ അഗതിയാകരുത് എന്ന് ഉറപ്പാക്കാനാണ് ജീവനാംശം ലക്ഷ്യമിടുന്നതെന്ന് കോടതി പറഞ്ഞു. അല്ലാതെ ജീവനാംശം നൽകുന്നത് സമ്പന്നരാക്കാനോ വ്യക്തികളുടെ സാമ്പത്തിക സ്ഥിതി തുല്യമാക്കാനോ അല്ലെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയിൽ ഉയർന്ന മൂല്യമുള്ള ജീവനാംശം ആവശ്യപ്പെടുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വിധി. കോടതികൾ ഈ വിഷയങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
ജൂലൈയിൽ മുംബൈയിൽ ഇത്തരത്തിൽ ഉയർന്ന ജീവനാംശം ആവശ്യപ്പെട്ട യുവതിയോട് ഉയർന്ന യോഗ്യതയുള്ളവരാണെന്നും ഉപജീവനമാർഗം കണ്ടെത്താൻ പ്രാപ്തയാണെന്നും ജീവനാംശം ആവശ്യപ്പെടരുതെന്നും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

