അലിഗഢ് സർവകലാശാലാ കാമ്പസിൽ സ്കൂൾ അധ്യാപകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
text_fieldsകൊല്ലപ്പെട്ട അധ്യാപകൻ ഡാനിഷ് റാവു
ലഖ്നോ: അലിഗഢ് സർവകലാശാലാ കാമ്പസിൽ സ്കൂൾ അധ്യാപകൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. എ.ബി.കെ ഹൈസ്കൂൾ കംപ്യൂട്ടർ സയൻസ് അധ്യാപകൻ ഡാനിഷ് റാവുവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 8.50ഓടെ രണ്ട് സഹപ്രവർത്തകർക്കൊപ്പം കാമ്പസിലൂടെ നടക്കവെ സ്കൂട്ടറിലെത്തിയ രണ്ട് പേർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും വെടിവയ്ക്കുകയുമായിരുന്നു.
മൂന്ന് വെടിയുണ്ടകളേറ്റതിൽ രണ്ടെണ്ണവും തലയ്ക്കായിരുന്നു. ഉടൻ ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുനിനു. സർവകലാശാലയുടെ സെൻട്രൽ ലൈബ്രറിക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. കൊലയ്ക്ക് ശേഷം രക്ഷപെട്ട പ്രതികളെ പിടികൂടാനായി പൊലീസുകാരുടെ ആറ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് സൂപ്രണ്ട് നീരജ് ജാഡൻ പറഞ്ഞു.
“സർവകലാശാല ലൈബ്രറിക്കടുത്ത് ഒരാൾക്ക് വെടിയേറ്റതായി ഒമ്പതുമണിയോടെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. എ.ബി.കെ സ്കൂളിലെ അധ്യാപകനായ ഡാനിഷ് റാവുവിനാണ് വെടിയേറ്റതെന്ന് പിന്നീട് അറിഞ്ഞു. തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല” -യൂനിവേഴ്സിറ്റി പ്രോക്ടർ വാസിം അലി പറഞ്ഞു.യൂനിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥി കൂടിയാണ് കൊല്ലപ്പെട്ട ഡാനിഷ്. പിതാവ് പ്രൊഫസർ ഹിലാലും മാതാവും എഎംയുവിൽ നിന്ന് വിരമിച്ച ജീവനക്കാരാണ്. സർവകലാശാലയുമായി ദീർഘകാല ബന്ധമുള്ള കുടുംബമാണ് ഡാനിഷിന്റേത്.
മെച്ചപ്പെട്ട സുരക്ഷയാണ് യുപിയിലുള്ളതെന്നും അത്തരമൊരു അന്തരീക്ഷം കാരണം സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നത് കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് അധ്യാപകൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബി.ജെ.പി സർക്കാരിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

