ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം; ഗുരുതര നിലയിലുള്ള ഇരകൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയില്ല; ഗോവധ വകുപ്പ് നീക്കിയേക്കുമെന്ന് പൊലീസ്
text_fieldsലക്നോ: കഴിഞ്ഞയാഴ്ച അലിഗഢിൽ ഗോരക്ഷാ ഗുണ്ടകൾ ക്രൂരമായി ആക്രമിച്ച നാലു പേർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐആർ റദ്ദാക്കിയില്ല. എന്നാൽ, അതിൽ നിന്ന് ഗോവധം സംബന്ധിച്ച വകുപ്പുകൾ നീക്കം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. നാലു പേർ ട്രക്കിൽ പോത്തിറച്ചി കടത്തുകയായിരുന്നുവെന്നും ആരോപിക്കപ്പെടുന്നതുപോലെ പശു മാംസമല്ലെന്നും ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് ഉദ്ധരിച്ച് പൊലീസ് സ്ഥിരീകരിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇത്.
മെയ് 24 ന് അലഹ്ദാദ്പൂർ ഗ്രാമത്തിൽ അഖീൽ (26), അർബാസ് (27), ഖദീം (28), അഖിൽ (28) എന്നിവരെ വടിയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് നിരവധി ആളുകൾ ക്രൂരമായി ആക്രമിച്ചു. റോരാവറിലെ ഒരു മാംസ ഫാക്ടറിയിൽ നിന്ന് പോകുകയായിരുന്ന അവരുടെ വാഹനവും മറിച്ചിട്ട് കത്തിച്ചു.
എഫ്.ഐ.ആർ ഇട്ടെങ്കിലും നാലുപേരെയും അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് പറയുന്നു. ഫോറൻസിക് റിപ്പോർട്ടിൽ മാംസം എരുമയുടേതെന്ന് സ്ഥിരീകരിച്ചതിനാൽ പശുവിനെ കൊല്ലുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നീക്കം ചെയ്യും. എന്നാൽ, മാംസ ഗതാഗതത്തിലോ അനുമതിയിലോ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട നിയമത്തിലോ മറ്റ് പോരായ്മകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട വകുപ്പുകൾ എഫ്.ഐ.ആറിൽ ചേർക്കും -അലിഗഢ് പൊലീസ് സൂപ്രണ്ട് അമൃത് ജെയിൻ പറഞ്ഞു.
മീററ്റിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുപേരുടെയും നില ഇപ്പോഴും ഗുരുതരമാണ്. സംഭവത്തെത്തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ 309 (കൊലപാതകശ്രമം) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം അഖിലിന്റെ പിതാവ് സലിം ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരുള്ള 13 പേർക്കും പേര് വെളിപ്പെടുത്താത്ത 25 പേർക്കുമെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഭാനു പ്രതാപ്, വിജയ് കുമാർ, ലവ്കുഷ് എന്നിവരോടൊപ്പം ആക്രമണത്തിൽ പിന്നീട് അറസ്റ്റിലായ വിജയ് ബജ്റംഗിയുടെ പരാതിയിലാണ് നാലുപേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് എസ്.പി ജെയിൻ പറഞ്ഞു.
‘ഞങ്ങൾ നാല് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണ്. ഇതിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെ ഉടൻ തിരിച്ചറിയും’ -ഹർദുവാഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫിസർ ധീരജ് യാദവ് പറഞ്ഞു.
എന്നാൽ, തങ്ങളുടെ കുട്ടികൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പരിക്കേറ്റ അഖിലിന്റെ അമ്മാവൻ മുഹമ്മദ് സലിം പറഞ്ഞു. എന്റെ മകന്റെ തലക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയിൽ 58 തുന്നലുകൾ ഉണ്ട്. അവൻ ഇത് അർഹിക്കുന്നില്ലെന്നും വസ്ത്ര വിൽപ്പനക്കാരനായ 50കാരൻ വേദനയോടെ പറഞ്ഞു.
‘ഞങ്ങളുടെ കൈവശം എല്ലാ രേഖകളും ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ഈ ബിസിനസ്സിൽ ഏർപ്പെടുന്നു. ഫാക്ടറിയിൽ നിന്നുള്ള രേഖകളും ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. ആ ദിവസം ഈ ആളുകൾ എന്റെ അനന്തരവനെ തടഞ്ഞുനിർത്തി അത് പശു ഇറച്ചിയാണെന്ന് ആരോപിച്ച് വാഹനത്തിൽ നിന്ന് വലിച്ചിഴച്ചു. ഡസനോളം പുരുഷന്മാരിൽനിന്ന് 400റോളമായി ആൾക്കൂട്ടം വളർന്നു. പൊലീസ് എത്തിയില്ലായിരുന്നെങ്കിൽ അവർ ഞങ്ങളുടെ കുട്ടികളെ കൊന്നേനെ’യെന്നും അദ്ദേഹം പറഞ്ഞു.
ഫാക്ടറിയിൽ നിന്ന് രാവിലെ 7 മണിക്ക് വാഹനം പുറപ്പെട്ടുവെന്ന് സലിം ഓർക്കുന്നു. അവർക്കെല്ലാംകൂടി അത്രൗലിയിൽ ഒരു കടയുണ്ട്. ഒരു ദിവസം 1,000 മുതൽ 1,500 രൂപ വരെ കിട്ടും. അവർ പോയി 30 മിനിറ്റിനു ശേഷം ഒരു ജനക്കൂട്ടം വാഹനത്തിന് ചുറ്റും തടിച്ചുകൂടി 50,000 രൂപ ആവശ്യപ്പെടാൻ തുടങ്ങി. പക്ഷേ, ഞങ്ങളുടെ കുട്ടികളുടെ കൈവശം പണമില്ലായിരുന്നു.
ഞങ്ങൾക്ക് വേണ്ടത് നീതി മാത്രമാണ്. അവർ നാലുപേരും ജീവിതത്തിനായി പോരാടുകയാണ്. അവരുടെ ശരീരത്തിൽ പരിക്കേൽക്കാത്ത ഒരു സ്ഥലം പോലും ഇല്ല. മുറിവുകൾ മാഞ്ഞുപോയേക്കാം, പക്ഷേ വടുക്കൾ എന്നെന്നേക്കുമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

