Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടർ പട്ടികയിൽ...

വോട്ടർ പട്ടികയിൽ പേരുവെട്ടാൻ ക്വട്ടേഷൻ; അലന്ദിൽ വ്യാജഅപേക്ഷയൊന്നിന് 80 രൂപ വീതം നൽകിയെന്ന് കണ്ടെത്തൽ

text_fields
bookmark_border
വോട്ടർ പട്ടികയിൽ പേരുവെട്ടാൻ ക്വട്ടേഷൻ; അലന്ദിൽ വ്യാജഅപേക്ഷയൊന്നിന് 80 രൂപ വീതം നൽകിയെന്ന് കണ്ടെത്തൽ
cancel
camera_alt

അലന്ദ് മണ്ഡലത്തിൽ വോട്ടുകൊള്ള ആരോപണമുന്നയിച്ച് രാഹുൽ ഗാന്ധി നടത്തിയ വാർത്തസമ്മേളനത്തിൽ നിന്ന്

ബെംഗളുരു: കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ വോട്ടർപട്ടികയിൽ നിന്ന് പേരുനീക്കാൻ വ്യാജ അപേക്ഷകൾക്ക് പണം നൽകിയിരുന്നെന്ന് കണ്ടെത്തൽ. അപേക്ഷകൾ ഓരോന്നിനും 80 രൂപ വീതം നൽകിയെന്ന് കേസന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക ​അ​ന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി.

2023 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2022ഡിസംബറിനും 2023 ഫെ​ബ്രുവരിക്കും ഇടക്ക് മണ്ഡലത്തിൽ വോട്ടുനീക്കാൻ 6,018 അപേക്ഷകളാണ് സമർപ്പിക്കപ്പെട്ടത്. ഇതിൽ സിംഹഭാഗവും വ്യാജ അപേക്ഷകളായിരുന്നു. ഇതിനായി ഡാറ്റ സെന്റർ ഏജന്റിന് അപേക്ഷയൊന്നിന് 80 രൂപ വീതം 4.8 ലക്ഷം രൂപ കൈമാറിയെന്ന് കണ്ടെത്തൽ.

‘വോട്ടുകൊള്ള’ ആരോപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെയാണ് അലന്ദിലെ വോട്ടർപട്ടിക ദേശീയതലത്തിൽ ചർച്ചയായത്. വോട്ടർപട്ടികയിലെ അനധികൃത ഇടപെടൽ തെളിവുസഹിതം രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ ഉന്നയിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച, അലന്ദിൽ തോറ്റ ബി.ജെ.പി സ്ഥാനാർഥി സുഭാഷ് ഗുട്ടെദാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീടുകളിലും എസ്​.ഐ.ടി സംഘം പരിശോധന നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ വോട്ട് നീക്കാൻ വ്യാജ അപേക്ഷകൾ സമർപ്പിച്ച കലബുറഗി ജില്ല ആസ്ഥാനത്തെ ഡാറ്റ സെന്റർ എസ്.ഐ.ടി കണ്ടെത്തി. ഇതിന് സഹായിച്ച തദ്ദേശീയനായ മുഹമ്മദ് അഷ്ഫാഖ് എന്നയാളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

2023 ​ഫെബ്രുവരിയിൽ അട്ടിമറി പുറത്തുവന്നതിന് പിന്നാലെ കേ​സെടുത്ത് കർണാടക പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. തുടർന്ന് സൈബർ ക്രൈം യൂണിറ്റ് സി.ഐ.ഡിയും കേസന്വേഷിച്ചു. ഇതിന് പിന്നാലെ, കേസിന്റെ ഗൗരവവും വ്യാപ്തിയും കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

കുറ്റകൃത്യത്തിന്റെ ശൃംഘല

നേരത്തെ, 2023ൽ മുഹമ്മദ് അഷ്ഫാഖി​നെ പൊലീസ് ചോദ്യം ​ചെയ്തിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച അഷ്ഫാഖ് തന്റെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളടക്കം ഉപകരണങ്ങൾ പരിശോധനക്ക് കൈമാറാമെന്ന് അറിയിച്ചതോടെ ഇയാളെ വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നു.

അഷ്ഫാഖിൽ നിന്ന് കണ്ടെത്തിയ കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് പ്രോട്ടോകോൾ വിശദാംശങ്ങളും പരിശോധിച്ച അന്വേഷണ സംഘം ഇയാൾ സഹായികളായ എം.ഡി അക്രം, ജുനൈദ്, അസ്‍ലം, നദീം എന്നിവരുമായി ഈ സമയങ്ങളിൽ തുടരെ ഇന്റർനെറ്റ് കോളുകൾ ചെയ്തിരുന്നതായി ക​ണ്ടെത്തി. തുടർന്ന്, ഇവരുടെ വസതികളിൽ നടത്തിയ പരിശോധനയിൽ വോട്ടർ പട്ടികയിൽ പേരുനീക്കാൻ വ്യാജ അപേക്ഷകൾ നൽകിയതിന്റെ തെളിവുകൾ കണ്ടെത്തുകയായിരുന്നു. ഇതിനായി കലബുറഗി കേന്ദ്രീകരിച്ച് പ്രത്യേക ശൃംഘല ത​ന്നെ സജ്ജമാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ.

അഷ്ഫാഖും അക്രമും ചേർന്നാണ് ഡാറ്റ സെന്റർ പ്രവർത്തിപ്പിച്ചിരുന്നത്. മറ്റുള്ളവർ ഡാറ്റ എൻട്രി ഓപറേറ്റർമാരായിരുന്നു. അപേക്ഷകൾ സമർപ്പിക്കാനായി ഉപയോഗിച്ച ലാപ്ടോപ്പുകളും അന്വേഷണസംഘം കണ്ടെത്തി.

നിർണായക കണ്ടെത്തലുകൾ

ഈ കണ്ടെത്തലുകളുടെ പിൻബലത്തിലാണ് ഒക്ടോബർ 17ന് ബി.ജെ.പി നേതാവായ ഗുട്ടേദാറിന്റെയും മക്കളായ ഹർഷാനന്ദയുടെയും സന്തോഷിന്റെയും വസതികളിലും ഓഫീസുകളിലും എസ്.ഐ.ടി പരിശോധന നടത്തിയത്. ഇതിന് പുറമെ കുടുംബത്തിന്റെ അക്കൗണ്ടന്റ് അസോസിയേറ്റായ മല്ലികാർജ്ജുൻ മെഹന്തഗോളിൻറെ വീട്ടിലും പരിശോധന നടന്നു. ഇവരിൽ നിന്ന് ഏഴ് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പണം കൈമാറിയതിന്റെ തെളിവുകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പൊലീസുകാരുടെ ബന്ധുക്കൾ മുതൽ കൂലിത്തൊഴിലാളികൾ വരെയുള്ളവരുടെ പേരിലുള്ള 75 മൊബൈൽ നമ്പറുകൾ ഇവർ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നതായി അന്വേഷണസംഘം ക​ണ്ടെത്തിയിട്ടുണ്ട്. ഇവർ എങ്ങിനെയാണ് ബന്ധപ്പെട്ടവരുടെ അറിവില്ലാതെ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ അപേക്ഷകൾ നൽകിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാൻ സമർപ്പിക്കപ്പെട്ട 6,018 അപേക്ഷകളിൽ 24 എണ്ണം മാത്രമാണ് ബന്ധപ്പെട്ടവരുടെ അറിവോടെയുള്ളതെന്ന് നേരത്തെ സംഘം കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - aland voter scam; SIT finds Rs 80 paid for every fraud voter deletion
Next Story