കൊൽക്കത്ത: അൽഖാഇദ ബന്ധം ആരോപിച്ച് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽനിന്ന് ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന അൽഖാഇദ ശൃംഖലയുമായി ബന്ധമുള്ള ഷമീം അൻസാരിയാണ് പിടിയിലായതെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു.
ജലാൻഗിയിൽനിന്ന് പിടിയിലായ ഇയാൾക്ക് നേരേത്ത അറസ്റ്റിലായവരുമായി ബന്ധമുണ്ടെന്നും ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും അധികൃതർ വിശദീകരിച്ചു. ഇയാൾ ജോലിക്കായി കേരളത്തിലായിരുന്നുവെന്നും തിരിച്ചെത്തി സ്വദേശത്ത് കഴിയുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
പാക് നിയന്ത്രിത ഭീകരസംഘടനയുടെ പ്രവർത്തകരെന്ന് ആരോപിച്ച് ആറു പേരെ ബംഗാളിൽനിന്നും മൂന്നുപേരെ കേരളത്തിൽനിന്നും കഴിഞ്ഞയാഴ്ച എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.