അഖ്ലാഖ് ആൾക്കൂട്ടക്കൊല: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി
text_fieldsന്യൂഡൽഹി: പശു ഇറച്ചിയുടെ പേരിൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ ആൾക്കൂട്ടം മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന കേസിൽ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആറു പ്രതികളുടെ ആവശ്യം ഗൗതം ബുദ്ധ നഗർ സെഷൻസ് കോടതി തള്ളി. കക്ഷികളുടെ സൗകര്യത്തിനായോ, കേവലം ആശങ്കകളുടെയോ സംശയങ്ങളുടെയോ അടിസ്ഥാനത്തിലോ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാനാകില്ലെന്ന് ഹരജി തള്ളിക്കൊണ്ട് സെഷൻ കോടതി വ്യക്തമാക്കി.
പ്രതികൾക്കെതിരായ കേസ് പിൻവലിക്കണമെന്ന ഉത്തർപ്രദേശ് സർക്കാറിന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് മുൻവിധിയുള്ളതും വിചാരണ കോടതി തങ്ങൾക്കെതിരെ നിർബന്ധിത നടപടി തുടരാൻ ഉദ്ദേശിക്കുന്നെന്നും പ്രതികൾ വാദിച്ചു. എന്നാൽ, ജുഡീഷ്യൽ ഉത്തരവുകൾ കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പാസാക്കുന്നതെന്നും ഏതെങ്കിലും കക്ഷിക്ക് ജുഡീഷ്യൽ ഉത്തരവ് മൂലം തിരിച്ചടിയോ നേട്ടമോ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടപടികൾ മാറ്റുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്നും പ്രതികളുടെ അപേക്ഷ തള്ളിക്കൊണ്ട് സെഷൻസ് ജഡ്ജി അതുൽ ശ്രീവാസ്തവ വ്യക്തമാക്കി.2015 സെപ്റ്റംബർ 28 നാണ് 55 കാരനായ അഖ്ലാഖിനെ ആൾക്കൂട്ടം അടിച്ചുകൊന്നത്. ആക്രമത്തിൽ മകൻ ഡാനിഷിനും ഗുരുതര പരിക്കേറ്റു.
വിചാരണ നടക്കുന്നതിനിടെ, കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ നൽകിയ അപേക്ഷ സമൂഹത്തിനെതിരായ ഗുരുതരമായ കുറ്റമാണിതെന്നും പിൻവലിക്കാൻ ഒരു കാരണവുമില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബർ 23നാണ് വിചാരണ കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

