അഖ്‌ലാഖ് കേസ്: നിരോധനാജ്ഞ ലംഘിച്ച മുൻ ബി.ജെ.പി എം.എൽ.എ കുറ്റക്കാരൻ, ശിക്ഷ വിധിച്ചു
text_fieldsനോയിഡ (യു.പി): ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ആൾകൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിരോധനാജ്ഞ ലംഘിച്ച കേസിൽ മുൻ ബി.ജെ.പി എം.എൽ.എ സംഗീത് സോം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിച്ചു. സോമിന് പ്രാദേശിക കോടതി 800 രൂപ പിഴ ശിക്ഷയാണ് വിധിച്ചത്. അഖ്‌ലാഖ് കൊല്ലപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളിൽ ദാദ്രിയിലെ ബിസാദ ഗ്രാമത്തിൽ നടന്ന സമ്മേളനത്തിനിടെ സംഗീത് സോം നിരോധനാജ്ഞ ലംഘിച്ചെന്നാണ് കേസ്.
ഐ.പി.സി സെക്ഷൻ 188 പ്രകാരം 2015 ഒക്ടോബർ 4ന് ജാർച്ച പൊലീസ് ഫയൽ ചെയ്ത കേസിലാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ടാം ക്ലാസ്) പ്രദീപ് കുമാർ കുശ്‌വാഹ വിധി പുറപ്പെടുവിച്ചത്. ബീഫ് സൂക്ഷിച്ചെന്നും കഴിച്ചെന്നും ആരോപിച്ച് ആൾക്കൂട്ടം അഖ്‌ലാഖിനെ മർദിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് ബിസാദയിൽ സി.ആർ.പി.സി 144-ാം വകുപ്പ് പ്രകാരം 2015 സെപ്തംബർ 28ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, സംഗീത് സോമിന്‍റെ നേതൃത്വത്തിൽ അഞ്ഞൂറോളം വരുന്ന ജനകൂട്ടം ഗ്രാമത്തിൽ ഒത്തുകൂടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഗ്രാമത്തിലെ ക്രമസമാധാനനില നിലനിർത്താനുള്ള ഉത്തരവുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് സോമിനെതിരെ കേസെടുത്തതെന്ന് സീനിയർ പ്രോസിക്യൂട്ടിങ് ഓഫിസർ ഛവി രഞ്ജൻ ദ്വിവേദി വ്യക്തമാക്കി.
കേസിൽ എ.ഡി.എം ചന്ദ്രശേഖർ, 2018ൽ ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് സിങ് എന്നിവർ കോടതിയിൽ മൊഴി നൽകിയിരുന്നു. സർധാനയിലെ മുൻ എം.എൽ.എയായിരുന്ന സോമിനെതിരെ 2015 ഡിസംബറിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

