തന്‍റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ ബി.ജെ.പി എം.എൽ.എയെ ആശുപത്രിയിൽ സന്ദർശിച്ച് അഖിലേഷ് യാദവ്
text_fieldsലഖ്നോ: തന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായ യു.പിയിലെ ബി.ജെ.പി വനിതാ എം.എൽ.എയെ ആശുപത്രിയിൽ സന്ദർശിച്ച് സമാജ്‍വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്.
ശനിയാഴ്ച ബി.ജെ.പി സംഘടിപ്പിച്ച മഹിളാ ജനാക്രോശ് മാർച്ചിൽ അഖിലേഷിന്റെയും രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിക്കുന്നതിനിടെയാണ് ബഹ്റൈച്ചിൽ നിന്നുള്ള എം.എൽ.എ അനുപമ ജൈസ്വാളിന് ഗുരുതരമായി പൊള്ളലേറ്റത്. ഉടനെ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വിദഗ്ധ ചികിത്സക്കായി മെദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ചയാണ് അഖിലേഷ് ആശുപത്രിയിലെത്തി അനുപമയെ സന്ദർശിച്ചത്. സമൂഹത്തിൽ ഭിന്നതയുടെ കനലുകളല്ല, മറിച്ച് ഐക്യവും സന്മനസ്സുമാണ് വേണ്ടതെന്നും നമ്മുടെ ക്രിയാത്മകമായ രാഷ്ട്രീയ പാരമ്പര്യം അതാണ് പഠിപ്പിക്കുന്നതെന്നും സന്ദർശന ശേഷം അഖിലേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘രാഷ്ട്രീയത്തിന് അതിന്റെതായ സ്ഥാനമുണ്ട്, എന്നാൽ മനുഷ്യബന്ധങ്ങൾ അതിനേക്കാൾ പ്രധാനമാണ്. സൗഹൃദമാണ് എപ്പോഴും വിജയിക്കേണ്ടത്’’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യത്വപരമായ ഇടപെടലും ജനാധിപത്യ മര്യാദയുമാണ് അഖിലേഷിന്റെ സന്ദർശനത്തിലൂടെ പ്രകടമായതെന്ന് അനുപമയുടെ ഭർത്താവ് അശോക് ജയ്‌സ്വാൾ വിശേഷിപ്പിച്ചു.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്ക് മൂലം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുപമയെ സന്ദർശിക്കാനായിട്ടില്ല. അദ്ദേഹം അനുപയുമായി സംസാരിച്ചതായും ചികിത്സക്ക് വേണ്ട നിർദേശങ്ങൾ നൽകിയതായും അശോക് ജയ്‌സ്വാൾ പി.ടി.ഐയോട് പറഞ്ഞു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ അനുപമ ജയ്‌സ്വാൾ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ഐ.സി.യുവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

