ബിജെപി സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്നു; ദേശീയ ഐക്യത്തിന് ഭീഷണിയെന്നും അഖിലേഷ് യാദവ്
text_fieldsലഖ്നോ: ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പിയുടെ രാഷ്ട്രീയം വിഭജനത്തിലും ഒരു പ്രത്യേക ജാതിക്കെതിരായ എതിർപ്പിലും അധിഷ്ഠിതമാണെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹിക ഭിന്നതകൾ പ്രോത്സാഹിപ്പിക്കുകയും ഒരു പ്രത്യേക ജാതിക്കെതിരെ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നതാണ് ബി.ജെ.പിക്കാരുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അഖിലേഷിന്റെ വിമർശനം.
"ബി.ജെ.പിയിൽ ആര് അംഗമായാലും അവർ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്നു! 'ഏകീകൃത പ്രീണന' രാഷ്രീയം പയറ്റി കുപ്രസിദ്ധി നേടിയവർ ഇപ്പോൾ 'ജാതീയതയെക്കുറിച്ച്' സംസാരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു! ഒരു ജാതിയോടുള്ള എതിർപ്പിലാണ് അവരുടെ മുഴുവൻ രാഷ്ട്രീയവും കെട്ടിപ്പടുത്തത്. വായ തുറക്കുമ്പോഴെല്ലാം കള്ളങ്ങൾ മാത്രമാണ് അവർ സംസാരിക്കുന്നത്," അഖിലേഷ് യാദവ് പറഞ്ഞു.
പൊതു പദവികൾ വഹിക്കുമ്പോൾ പോലും സ്വന്തം ജാതിയുടെ അഹങ്കാരത്തെക്കുറിച്ച് വീമ്പിളക്കുന്നവർക്ക് മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അഖിലേഷ് പറഞ്ഞു. 'ഇഷ്‌ടപ്പെടുന്നില്ല, അതിനാൽ വെറുക്കുന്നു' എന്നതാണ് അവരുടെ വിഷലിപ്‌തമായ രാഷ്ട്രീയത്തിന്റെ കയ്പേറിയ സത്യം. പൊതു പദവികൾ വഹിക്കുമ്പോൾ പോലും സ്വന്തം ജാതിയുടെ അഹങ്കാരത്തെക്കുറിച്ച് വീമ്പിളക്കുന്നവർ മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടി ഒന്നും പ്രവർത്തിക്കില്ല. സാമൂഹിക വിവേചനം അംഗീകരിക്കുന്ന ഒരാൾ അധികാരത്തിൽ ഉന്നത സ്ഥാനം നയിക്കുന്നത് ദേശീയ ഐക്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും അഖിലേഷ് വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമല്ലെന്നും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വലിയ ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. മോക്ക് പാർലമെന്റ് നടത്തുന്നത് സർക്കാർ പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കാത്തത് കൊണ്ടാണ്. ബി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടിയല്ല, ഒരു ഗുണ്ടാസംഘമാണെന്നും അദ്ദേഹം വിമർശിച്ചു.
"തെരഞ്ഞെടുപ്പ് കമീഷൻ നിഷ്‌പക്ഷമല്ല. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സർക്കാർ കേൾക്കാത്തപ്പോൾ അവർക്കുള്ള ഒരു സന്ദേശമെന്ന നിലയിലാണ് മോക്ക് പാർലമെൻ്റ് നടത്തുന്നത്. ബി.ജെ.പി എന്തിനാണ് ഭയപ്പെടുന്നത്?
എന്തുകൊണ്ടാണ് അവർ ബിൽ നടപ്പിലാക്കാത്തത്, എന്തുകൊണ്ടാണ് അവർ ഇപ്പോഴും അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തത്?" അഖിലേഷ് ചോദിച്ചു.

