യോഗിയെ പ്രശംസിച്ചു; മണിക്കൂറുകൾക്കകം വനിത എം.എൽ.എയെ പുറത്താക്കി സമാജ്‍വാദി പാർട്ടി
text_fieldsലഖ്നോ: നിയമസഭയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിരുപാധികം പ്രശംസിച്ച സമാജ്‍വാദി പാർട്ടി എം.എൽ.എയെ പുറത്താക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ യോഗിയുടെ വിട്ടുവീഴ്ചയില്ലാത്ത നയങ്ങളെയാണ് എസ്.പി എം.എൽ.എയായ പൂജ പാൽ പ്രശംസിച്ചത്. പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പൂജയെ പുറത്താക്കുകയായിരുന്നു എസ്.പി നേതാവ് അഖിലേഷ് യാദവ്.
സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്ന യോഗിയുടെ നയങ്ങളെയും തന്റെ ഭർത്താവിന്റെ ഘാതകനായ അതീഖ് അഹ്മദിനെ പോലുള്ള കുറ്റവാളികൾക്കെതിരെ സ്വീകരിച്ച നടപടികളെയുമാണ് എസ്.പി എം.എൽ.എ പ്രകീർത്തിച്ചത്. തന്റെ പരാതി ആരും കേൾക്കാതിരുന്ന സ്ഥാനത്ത് നീതി നടപ്പാക്കിത്തന്ന മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുവെന്നും പൂജ പറയുകയുണ്ടായി.
അതു കഴിഞ്ഞ് മണിക്കൂറുകൾക്കകം പൂജയെ പുറത്താക്കിയതായി സമാജ് വാദി പാർട്ടി അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ് ഒപ്പുവെച്ച കത്തും പുറത്തിറക്കി. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും പൂജയെ പുറത്താക്കിയതായും പാർട്ടി യോഗങ്ങളിലോ പരിപാടികളിലോ ക്ഷണിക്കുകയില്ലെന്നും കത്തിൽ പറയുന്നുണ്ട്. ''പ്രയാഗ് രാജിലെ എന്നേക്കാൾ ആശങ്കാകുലരായ സ്ത്രീകളെ കേൾക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല. പക്ഷേ ഞാനവരുടെ ശബ്ദമാണ്''-എന്നായിരുന്നു പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ച് പൂജയുടെ പ്രതികരണം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ശബ്ദമാകാനാണ് തന്നെ തെരഞ്ഞെടുത്തതെന്നും തനിക്ക് മാത്രമല്ല, അതീഖ് അഹ്മദ് ഉപദ്രവിച്ച എല്ലാവർക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീതി ഉറപ്പാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
പാർട്ടിയിൽ തന്നെ ഇക്കാര്യങ്ങളെല്ലാം പല തവണ പറഞ്ഞതാണ്. ഇപ്പോഴും ആ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ ഇരയാണ് ഞാൻ. അതിനു ശേഷമാണ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. പകൽവെളിച്ചത്തിലാണ് എന്റെ ഭർത്താവിനെ അവർ കൊലപ്പെടുത്തിയത്. നവവധുവായിരുന്നു ഞാൻ. ആ സമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. -പൂജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

