‘ബങ്കിപ്പൂരിലും ദാതിയയിലും ബി.ജെ.പി തോറ്റുകൊടുത്തതാണ്’; ഇ.വി.എമ്മിനെതിരെ വിമർശനം തണുപ്പിക്കാൻ പരാജയം ആസൂത്രണം ചെയ്തതെന്ന് അഖിലേഷ് യാദവ്
text_fieldsഅഖിലേഷ് യാദവ്, പ്രശാന്ത് കിഷോർ
ലക്‌നൗ: ബിഹാറിലെ ബങ്കിപ്പൂർ, മധ്യപ്രദേശിലെ ദാതിയ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ തോൽവി അവരുടെ തന്നെ ആസൂത്രണത്തിന്റെ ഭാഗമാണെന്ന വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷനും എം.പിയുമായ അഖിലേഷ് യാദവ്. ഇ.വി.എമ്മിനെ കുറിച്ചും തിരഞ്ഞെടുപ്പ് കമീഷനെ കുറിച്ചും പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനത്തിന്റെ മൂർച്ച കുറക്കാനും തെരഞ്ഞെടുപ്പുകൾ സുതാര്യമായാണ് നടക്കുന്നതെന്ന് വരുത്തിതീർക്കാനുമാണ് ബി.ജെ.പി ഈ തന്ത്രം ഇറക്കിയതെന്നാണ് അഖിലേഷിന്റെ ആരോപണം.
സോഷ്യലിസ്റ്റ് നേതാവ് ജനേശ്വർ മിശ്രയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ബ്രാഹ്മണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഖിലേഷ്. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും കാണിക്കാറുള്ള തട്ടിപ്പുകൾ ബങ്കിപ്പൂരിലും ദാതിയയിലും ബി.ജെ.പി പുറത്തെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘ക്രമക്കേടുകൾ നടത്താതെ ജയിക്കാൻ കഴിയുമോ എന്ന് ബി.ജെ.പി ഒന്ന് പരീക്ഷിച്ചു നോക്കിയതാണ്. ഇനി പ്രതിപക്ഷം ഇ.വി.എമ്മിനെ കുറ്റം പറയില്ലല്ലോ എന്ന് കാണിച്ച് ജനങ്ങളെ പറ്റിക്കാനാണ് ഈ തോൽവി വഴങ്ങിയത്. ബങ്കിപ്പൂരിൽ തോറ്റ ശേഷം ബി.ജെ.പി നേതാക്കൾ തന്നെ പരസ്പരം ലഡ്ഡു കൊടുത്ത് ആഘോഷിക്കുകയാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.പി വിട്ട് ബി.ജെ.പിയിൽ ചേരുകയും യോഗി ആദിത്യനാഥ് സർക്കാരിൽ മന്ത്രിമാരാവുകയും ചെയ്ത മുൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാനും അദ്ദേഹം മറന്നില്ല. പാർട്ടി വിട്ടുപോയവരെക്കുറിച്ചോർത്ത് ആശങ്കയില്ലെന്നും, വിശ്വസ്തരായ പ്രവർത്തകരെ ഉപയോഗിച്ച് ആ ഒഴിവുകൾ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടിലധികമായി, ബി.ജെ.പി മാത്രം ജയിച്ച് വരുന്ന മണ്ഡലമായിരുന്നു ബങ്കിപ്പൂർ. കഴിഞ്ഞ ഇരുപത് വർഷം നിലവിലെ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനും അതിന് മുമ്പ് പത്ത് വർഷം അദ്ദേഹത്തിന്റെ പിതാവ് നവീൻ കിഷോർ സിൻഹയുമായിരുന്നു ബങ്കിപ്പൂരിലെ എം.എൽ.എമാർ. ബി.ജെ.പിയുടെ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബങ്കിപ്പൂരിൽ, ബി.ജെ.പിയുടേതടക്കം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി നേടിയത് അട്ടിമറി വിജയമാണെന്നും, സി.ജെ.പി പ്രക്ഷോഭത്തിന്റെ സ്വാധീനം ഇതിലുണ്ടെന്നും നിരീക്ഷണങ്ങൾ നിലനിൽക്കെയാണ് അഖിലേഷ് യാദവിന്റെ ഈ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

