നടന്നത് വലിയ ഗൂഢാലോചന; ബിഹാറിൽ മഹാസഖ്യത്തിന്റെ പരാജയത്തിന് കാരണം എസ്.ഐ.ആർ ആണെന്ന് അഖിലേഷ് യാദവ്
text_fieldsലഖ്നോ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എസ്.ഐ.ആറിനെയും ബി.ജെ.പിയെയും വിമർശിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിലെ എസ്.ഐ.ആർ വലിയ തെരഞ്ഞെടുപ്പ് ഗൂഢാലോചനയാണെന്നും അതുപയോഗിച്ച് ബി.ജെ.പി വലിയ രാഷ്ട്രീയ വഞ്ചനയാണ് നടത്തിയതെന്നും അഖിലേഷ് ആരോപിച്ചു. എന്നാൽ പശ്ചിമ ബംഗാൾ, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ നടപ്പാക്കാനാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
''ബിഹാറിൽ നടപ്പാക്കിയ എസ്.ഐ.ആർ ഗെയിം പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഉത്തർപ്രദേശിലും തുടങ്ങി മറ്റൊരു സംസ്ഥാനത്തും കൊണ്ടുവരാൻ സാധിക്കില്ല. കാരണം ഈ തെരഞ്ഞെടുപ്പ് ഗൂഢാലോചന ഇപ്പോൾ കൂടുതൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ മുതൽ ഇനിയൊരിക്കലും ഈ ഗെയിം കളിക്കാൻ അവരെ നാം അനുവദിക്കരുത്. സി.സി.ടി.വിയും പി.പി.ടി.വിയും പോലെ നാം ജാഗ്രത കാണിക്കണം. ബി.ജെ.പിയുടെ ഉദ്ദേശ്യങ്ങളെ കുറിച്ച് തുറന്നുകാട്ടണം. ബി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടിയല്ല, വഞ്ചകരാണ്''-എന്നാണ് അഖിലേഷ് യാദവ് എക്സിൽ കുറിച്ചത്.
ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ, ഭരണകക്ഷിയായ എൻ.ഡി.എ മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറുമെന്ന് വ്യക്തം. ഉച്ചതിരിഞ്ഞ് രണ്ട് മണിവരെയുള്ള കണക്കുകൾ പ്രകാരം 201 സീറ്റുകളിലാണ് എൻ.ഡി.എ മുന്നേറുന്നത്. 91 സീറ്റുകളിൽ ലീഡുയർത്തുന്ന ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. നിതീഷ് കുമാറിന്‍റെ ജെ.ഡി.യു 80 സീറ്റുകളിൽ മുന്നേറുന്നുണ്ട്. മുന്നണിയിലെ മറ്റ് പ്രധാന പാർട്ടികളായ ചിരാഗ് പസ്വാന്‍റെ എൽ.ജെ.പി 22 സീറ്റുകളിലും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം അഞ്ച് സീറ്റുകളിലും മുന്നേറുന്നു.
പ്രതിപക്ഷ മുന്നണിയായ മഹാസഖ്യം 36 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇതിൽ 27 സീറ്റുകളിൽ ആർ.ജെ.ഡി മുന്നേറുമ്പോൾ സി.പി.ഐ (എം.എൽ), കോൺഗ്രസ് പാർട്ടികൾ നാല് വീതം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആർ.ജെ.ഡിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനമാണിത്. നിർണായക സ്വാധീനം ചെലുത്തിയേക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരിടത്തും ലീഡ് ചെയ്യാനാകുന്നില്ല.
തുടക്കത്തിൽ നാല് സീറ്റുകളിൽ വരെ മുന്നേറിയ ശേഷം പിന്നാക്കം പോകുകയായിരുന്നു. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും ബി.ജെ.പി സ്ഥാനാർഥിക്ക് പിന്നിലാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എന്‍.ഡി.എ അധികാരത്തുടര്‍ച്ച നേടിയപ്പോള്‍, പത്താം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക് കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

