കഴിഞ്ഞ എട്ടു വർഷമായുള്ള ജി.എസ്.ടി പിരിവുകൾ എവിടെപ്പോയെന്ന് മോദിയോട് അഖിലേഷ്; ആ തുക ആളുകളുടെ വീടുകളിൽ പണമായി എത്തിക്കുമോ?
text_fieldsലക്നോ: സെപ്റ്റംബർ 22 മുതൽ ഏറ്റവും പുതിയ ജി.എസ്.ടി പരിഷ്കാരങ്ങൾ നടപ്പിലാക്കാനിരിക്കെ, ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. കഴിഞ്ഞ എട്ടു വർഷമായുള്ള ജി.എസ്.ടി പിരിവുകൾ എവിടെപ്പോയെന്ന് ലോക്‌സഭാ എം.പി ചോദിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉൾപ്പെടുന്ന ജി.എസ്.ടി കൗൺസിൽ, സെപ്റ്റംബർ 22 മുതൽ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകൾ കുറക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
ജി.എസ്.ടിയുടെ പേരിൽ ഇതുവരെ പിരിച്ചെടുത്ത പണം എവിടെപ്പോയി എന്ന് പൊതുജനങ്ങൾ ചോദിക്കുന്നു. യു.പിയിലെ ബി.ജെ.പി സർക്കാറിന്റെ ‘മഹാകുംഭ് മോഡൽ’ പോലെ പിടിച്ചെടുത്ത തുക ആളുകളുടെ വീടുകളിൽ പണമായി എത്തിക്കുമോ? അതോ അടുത്ത ഇൻഷുറൻസ് പ്രീമിയത്തിൽ ഉൾപ്പെടുത്തുമോ? ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുമോ? അതോ ബി.ജെ.പി നേരത്തെ വാഗ്ദാനം ചെയ്ത ‘15 ലക്ഷം രൂപ’യിൽ നിന്ന് കുറക്കുമോ തുടങ്ങിയ ചോദ്യങ്ങൾ കൊണ്ട് അഖിലേഷ് യാദവ് മോദിയെ നേരിട്ടു.
പിന്‍വാതില്‍ വഴി കിട്ടുന്ന പണം ഉപയോഗിച്ച് കേന്ദ്രം നടപ്പിലാക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന സബ്‌സിഡിയോട് കൂടിയ ഗ്യാസ് സിലണ്ടര്‍ പദ്ധതിക്കായി ജി.എസ്.ടി പണം ഉപയോഗിക്കുമോയെന്നും അഖിലേഷ് യാദവ് ചോദിക്കുന്നു. ഇനി അതല്ല, അടുത്ത തെരഞ്ഞെടുപ്പിന്റെ തലേന്ന് പണമായി നൽകുമോ? കുട്ടികളുടെ സ്‌കൂൾ ഫീസ് എഴുതിത്തള്ളാൻ ഉപയോഗിക്കുമോ? അല്ലെങ്കിൽ രോഗികൾക്കും പ്രായമായവർക്കും മരുന്നുകളും ആരോഗ്യ സംരക്ഷണവും സൗജന്യമാക്കുന്നതിനായി എടുക്കുമോ? അതോ അത് ബി.ജെ.പിയുടെ ‘ജുംലഘോഷി’ൽ (വാഗ്ദാനങ്ങളുടെ ഫണ്ട്) ചേർക്കുമോ? -എന്നും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം ചോദിച്ചു.
ഞായറാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രസംഗത്തിനുപിന്നാലെ അഖിലേഷ് പങ്കുവെച്ച മുൻ പോസ്റ്റിൽ ‘ബച്ചത് യാ ചപത് (ആശ്വാസം അല്ലെങ്കിൽ തട്ടിപ്പ്)’ എന്ന് വിശേഷിപ്പിച്ചിരുന്നു.
തന്റെ പ്രസംഗത്തിൽ മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് പ്രധാനമന്ത്രി, അത് ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പ വഴിയാവുമെന്നും കൂടുതൽ നിക്ഷേപം ആകർഷിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. നവരാത്രിയുടെ ആദ്യ ദിവസം ജി.എസ്.ടി ഉത്സവ് ആരംഭിക്കുമെന്നും സമീപകാല ആദായനികുതി ഇളവുകൾക്കൊപ്പം പൗരന്മാർക്ക് ഇരട്ടി ഔദാര്യം വാഗ്ദാനം ചെയ്യുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറയുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

