‘യോഗി ആദിത്യനാഥ് നുഴഞ്ഞുകയറ്റക്കാരൻ,’ ഉത്തരാഘണ്ഡിലേക്ക് മടക്കി അയക്കണമെന്ന് അഖിലേഷ് യാദവ്, ആരോപണം അമിത്ഷായുടെ വോട്ടുബാങ്ക് പരാമർശത്തിന് പിന്നാലെ
text_fieldsലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. യോഗി നുഴഞ്ഞുകയറ്റക്കാരനാണെന്ന് പറഞ്ഞ അഖിലേഷ് അദ്ദേഹത്തെ ഉത്തരാഘണ്ഡിലേക്ക് മടക്കി അയക്കണമെന്നും ആവശ്യപ്പെട്ടു.
ലഖ്നൗവിൽ റാം മനോഹർ ലോഹ്യ ചരമവാർഷിക പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അഖിലേഷ് യാദവ്. യു.പിയിൽ ഭരണ കക്ഷിയായ ബി.ജെ.പി നുണപ്രചാരണത്തിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അഖിലേഷ് പറഞ്ഞു. പലായനം ചെയ്തവരുടെ സ്ഥിതിവിവരക്കണക്കുകൾ തിട്ടപ്പെടുത്താൻ തിരക്കുകൂട്ടുന്ന ബി.ജെ.പിയുടെ മുഖ്യമന്ത്രി ഉത്തരാഘണ്ഡുകാരനാണ്. അങ്ങനെയെങ്കിൽ, അയാളെയും സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചയക്കണമെന്നാണ് ആവശ്യമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
യോഗി ആദിത്യനാഥ് ബി.ജെ.പിയിൽ ആശയപരമായും നുഴഞ്ഞുകയറ്റക്കാരനാണെന്ന് അഖിലേഷ് വിമർശിച്ചു. ഹിന്ദു യുവ വാഹിനി പാർട്ടിയിൽ നിന്നാണ് യോഗി ബി.ജെ.പിയിൽ എത്തിയത്. ആശയപരമായി നുഴഞ്ഞുകറ്റക്കാരെയും ബി.ജെ.പി പുറത്താക്കാൻ തയ്യാറാവുമോ എന്നും അഖിലേഷ് ചോദിച്ചു.
ചില രാഷ്ട്രീയ പാർട്ടികൾ നുഴഞ്ഞുകയറ്റകാരെ വോട്ടുബാങ്കാക്കി കണക്കാക്കുന്നുവെന്ന അമിത്ഷായുടെ ആരോപണത്തിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പരാമർശം. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികൾ ഉദാഹരണമായി ചൂണ്ടി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നുഴഞ്ഞുകയറ്റം ഇല്ലെന്നായിരുന്നു അമിത് ഷായുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

