‘200 സീറ്റ് ഹഖ് ഹൈ ഹമാര’; ഇൻഡ്യ സഖ്യത്തിൽ ഭിന്നതയുണ്ടാക്കാൻ ബിജെപിയുടെ വ്യാജ പോസ്റ്റർ, പരാതിയുമായി അഖിലേഷ്
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ സഖ്യത്തിൽ ഭിന്നതയുണ്ടാക്കാൻ ബി.ജെ.പി വ്യാജ പോസ്റ്ററുകൾ പതിച്ചതായി സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ഔദ്യോഗിക അനുമതിയോ നിശ്ചിത ഫീസ് അടയ്ക്കാതെയോ ആണ് ഇത്തരം പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് കൂട്ടുനിന്ന മുനിസിപ്പൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഖ്‌നൗവിലും മറ്റ് ജില്ലകളിലും ‘200 സീറ്റ് ഹഖ് ഹൈ ഹമാര, യുപി കോ ഹൈ രാഹുൽ ഗാന്ധി പർ ഭരോസ’ (200 സീറ്റ് ഞങ്ങളുടെ അവകാശമാണ്, യുപിക്ക് രാഹുൽ ഗാന്ധിയിൽ വിശ്വാസമുണ്ട്) എന്ന സ്ലോഗനുകളോടുകൂടിയ പോസ്റ്ററുകളും ഹോർഡിങ്ങുകളും പ്രത്യക്ഷപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെയും മറ്റ് പ്രാദേശിക നേതാക്കളുടെയും ചിത്രങ്ങളുള്ള ഈ പോസ്റ്ററുകൾ കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സഖ്യത്തിൽ വിള്ളൽ വീഴ്ത്താൻ ബിജെപിയുടെ നേതൃത്വത്തിൽ മനപ്പൂർവം സ്ഥാപിച്ചതാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
സീറ്റ് വിഭചന ചർച്ചകളുടെ ഭാഗമായി ഏകദേശം 200 സീറ്റുകൾ വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ കോൺഗ്രസിന് അത്രയും സീറ്റുകൾ ചോദിക്കാനുള്ള രാഷ്ട്രീയ സ്വാധീനമുണ്ടോ എന്ന കാര്യത്തിൽ എസ്.പിക്കുള്ളിൽ തന്നെ സംശയങ്ങളുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അനുമതിയില്ലാതെ പോസ്റ്ററുകൾ സ്ഥാപിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് വരുമാന നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. ഫീസ് അടക്കാതിരിക്കുന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ യഥാർഥ വ്യക്തിത്വം മറച്ചുവെക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങളുടെയും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെയും തീയതി തിരിച്ചുള്ള വിവരങ്ങൾ എസ്‌പി സൂക്ഷിക്കുന്നുണ്ടെന്നും, തങ്ങൾ അധികാരത്തിൽ വന്നാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ‘ഇൻഡ്യ’സഖ്യം ഒറ്റക്കെട്ടാണെന്നും സാമൂഹ്യ നീതിയും ഭരണഘടനയും സംരക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടമെന്നും കോൺഗ്രസ് ഉത്തർപ്രദേശ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം പ്രതികരിച്ചു. ബിജെപിക്ക് ആശയക്കുഴപ്പങ്ങളും ഗൂഢാലോചനകളും നടത്താം, എന്നാൽ സഖ്യത്തെ തകർക്കാനോ ദുർബലപ്പെടുത്താനോ കഴിയില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഏറെ ചർച്ചകൾക്ക് ഒടുവിൽ യു.പി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭചന ചർച്ചകൾ കോൺഗ്രസ് കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. പാർട്ടിക്ക് സ്വാധീനമുള്ള 175ലധികം സീറ്റുകളുടെ പട്ടിക കോൺഗ്രസ് എസ്‌പി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. 403 അംഗ നിയമസഭയിലേക്ക് ചർച്ചകളിലൂടെ ധാരണയിലെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ 1989ന് ശേഷം ഉത്തർപ്രദേശിൽ വൻ തിരിച്ചടികൾ നേരിടുന്ന കോൺഗ്രസിന്റെ പുതിയ അവകാശവാദങ്ങളെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ സംശയങ്ങളുണ്ട്. 2022ൽ ഒറ്റക്ക് മത്സരിച്ച കോൺഗ്രസിന് വെറും രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത് (2017ൽ ഏഴ് സീറ്റുകൾ). എങ്കിലും, 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്‌പിയുമായി സഖ്യത്തിലായി മത്സരിച്ച് ആറ് സീറ്റുകൾ നേടാനായത് പാർട്ടിക്ക് പുതിയ ഊർർജ്ജം നൽകിയിട്ടുണ്ട്. സഖ്യത്തിന്റെ കരുത്തിൽ എസ്.പി 37 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പി 33 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.
സംഭവത്തിൽ പ്രതികരിച്ച യുപി കോൺഗ്രസ് അധ്യക്ഷ അരാധന മിശ്ര മോണ, പോസ്റ്ററുകൾക്ക് പിന്നിൽ ഒളിഞ്ഞിരുന്ന് കളിക്കുന്നവർ ‘ഇൻഡ്യ’ സഖ്യത്തിന്റെ ശക്തി കണ്ട് ഭയപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.

