ആകാശ എയർ സഹസ്ഥാപക നീലു ഖത്രി രാജിവെച്ചു: എയർലൈനിന്റെ അന്താരാഷ്ട്ര വിഭാഗത്തിന്റെ തലവനായിരുന്നു
text_fieldsആകാശഎയർ സഹസ്ഥാപക നീലു ഖത്രി
ന്യൂഡൽഹി: മൂന്ന് വർഷം മുമ്പ് ആരംഭിച്ച ഇന്ത്യൻ എയർലൈനായ ആകാശ എയറിന്റെ സഹസ്ഥാപക നീലു ഖത്രി കമ്പനിയിൽനിന്ന് രാജിവെച്ചു. കമ്പനിയുടെ ആറ് സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു നീലു, നിലവിൽ അന്താരാഷ്ട്ര വിഭാഗത്തിന്റെ തലവനാണ്.
വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ ആകാശ എയർ ഖത്രിയുടെ രാജി സ്ഥിരീകരിച്ചു. എയർലൈനിന്റെ പ്രസ്താവന പ്രകാരം, തന്റെ പ്രഫഷനൽ യാത്രയിൽ ഒരു പുതിയ ദിശ പിന്തുടരാനായി ഖത്രി കമ്പനിയിൽ നിന്ന് മാറാൻ തീരുമാനിച്ചിരിക്കുന്നു. സമീപ മാസങ്ങളിൽ ആകാശ എയറിൽ ചില പ്രധാന മാറ്റങ്ങളുണ്ടായ സമയത്താണ് നീലു ഖത്രിയുടെ രാജി. ആഗസ്റ്റിന്റെ തുടക്കത്തിൽ, വിപുലീകരണത്തിനായി പ്രേംജി ഇൻവെസ്റ്റ്, ക്ലേപോണ്ട് ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകരിൽനിന്ന് കമ്പനി വൻ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു.
ആകാശ എയറിന്റെ മറ്റ് അഞ്ച് സഹസ്ഥാപകർ (ആദിത്യ ഘോഷ്, ആനന്ദ് ശ്രീനിവാസൻ, ബെൽസൺ കുടീഞ്ഞോ, ഭവിൻ ജോഷി, പ്രവീൺ അയ്യർ) കമ്പനിയിൽ തുടരുന്നു. സി.ഇ.ഒ വിനയ് ദുബെയാണ് കമ്പനിയെ നയിക്കുന്നത്. അസിം പ്രേംജിയുടെ പ്രേംജി ഇൻവെസ്റ്റ്, രഞ്ജൻ പൈയുടെ മണിപ്പാൽ ഗ്രൂപ്, 360 വൺ അസറ്റ് എന്നിവ സംയുക്തമായി ആകാശ എയറിന്റെ മാതൃ കമ്പനിയായ എസ്എൻവി ഏവിയേഷന്റെ ഓഹരികൾ വാങ്ങിയിരുന്നു. ഏപ്രിലിൽ കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഈ ഏറ്റെടുക്കലിന് അംഗീകാരം നൽകി.
2025 ഫെബ്രുവരിയിൽ ആകാശ എയറിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിന് മൂന്ന് കമ്പനികളും ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. എന്നിരുന്നാലും, അവർ ഏറ്റെടുക്കുന്ന ഓഹരികളുടെ കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല.ആകാശ എയർ അതിന്റെ വിപണി വിഹിതം സ്ഥിരമായി ശക്തിപ്പെടുത്തുകയാണ്. ആഗസ്റ്റിൽ, ആഭ്യന്തര വിപണിയിൽ 5.4 ശതമാനം വിഹിതം കമ്പനിക്കുണ്ട്. നിലവിൽ, എയർലൈൻ 30 ബോയിങ് 737 മാക്സ് വിമാനങ്ങളുടെ ഒരു ഫ്ലീറ്റ് പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിൽ 24 എണ്ണം ആഭ്യന്തര സർവീസുകൾക്കും 6 എണ്ണം അന്താരാഷ്ട്ര സർവിസുകൾക്കുമാണ് ഉപയോഗിക്കുന്നത്.
ജൂലൈയിൽ, കമ്പനിയുടെ സിഎഫ്ഒ അങ്കുർ ഗോയൽ, എയർലൈൻ അതിന്റെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുകയും ശേഷി വർധിപ്പിക്കുകയും 2032 അവസാനത്തോടെ 226 വിമാനങ്ങളായി വികസിപ്പിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

