അജ്മീർ ദർഗ-ക്ഷേത്ര തർക്കം; വാദം കേൾക്കൽ രാജസ്ഥാൻ കോടതി മാറ്റിവെച്ചു
text_fieldsജയ്പൂർ: ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗയിൽ ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നത് രാജസ്ഥാൻ കോടതി മാറ്റിവെച്ചു. അടുത്ത ശനിയാഴ്ചത്തേക്കാണ് ഹരജിയിൽ വാദം കേൾക്കുന്നത് മാറ്റിയത്. ആഗസ്റ്റ് 30ന് ഹരജി വീണ്ടും പരിഗണിക്കുമെന്ന് സിവിൽ കോടതി അറിയിച്ചു. ഹരജി പരിഗണിക്കുന്നതിനോടനുബന്ധിച്ച് വൻ സുരക്ഷയാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിയത്.
ജുഡീഷ്യൽ ഓഫിസറും ജീവനക്കാരും അവധിയിലായത് കൊണ്ടാണ് വാദം കേൾക്കുന്നത് മാറ്റിയതെന്ന് അഭിഭാഷകനായ യോഗേന്ദ്ര ഓജ വ്യക്തമാക്കി. ദർഗ കമ്മിറ്റിയും ന്യൂനപക്ഷ കാര്യമന്ത്രാലയവും സമർപ്പിച്ച അപേക്ഷകൾ കോടതിക്ക് കൈമാറിയതായും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ഹിന്ദുസേന അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ദർഗയിൽ ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്. ദർഗയിൽ ആർക്കിയോളജിക്കൽ അധികൃതർ സർവേ നടത്തണമെന്നും ആരാധനക്ക് അനുമതി നൽകണമെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് തെളിയിക്കാൻ 1250 ൽ എഴുതിയ 'പൃഥ്വിരാജ് വിജയ്' എന്ന പുരാതന സംസ്കൃത ഗ്രന്ഥം തന്റെ കൈവശമുണ്ടെന്ന് ഗുപ്ത അവകാശപ്പെട്ടിരുന്നു. അതിന്റെ ഹിന്ദി വിവർത്തനം കോടതിയിൽ സമർപ്പിക്കുമെന്നും പറയുകയുണ്ടായി. വിരമിച്ച ജഡ്ജി ഹർബിലാസ് സർദ എഴുതിയ 1911 ലെ 'അജ്മീർ: ഹിസ്റ്റോറിക്കൽ ആൻഡ് ഡിസ്ക്രിപ്റ്റീവ്' എന്ന പുസ്തകവും ഗുപ്ത ഹരജിയിൽ പരാമർശിച്ചിരുന്നു. ദർഗയുടെ നിർമാണത്തിൽ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പുസ്തകത്തിൽ അവകാശപ്പെടുന്നത്.
ദർഗ ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് മുമ്പും ചില സംഘടനകൾ രംഗത്തുവന്നിരുന്നു. ദർഗയുടെ ചരിത്രം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാറാണ പ്രതാപ് സേന മുഖ്യമന്ത്രി ഭജൻലാൽ ശർമക്ക് പരാതി നൽകിയിരുന്നു.
അതേസമയം, കോടതിയിൽ ഹരജി നൽകുന്നതിന് മുമ്പ് പാലിക്കേണ്ട നിയമനപടികളിൽ വിഷ്ണു ഗുപ്ത വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടി ദർഗ കമ്മിറ്റിയെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകർ കോടതിയിൽ വ്യത്യസ്ത അപേക്ഷകൾ നൽകിയിരുന്നു.
2024 നവംബറിലാണ് രാജസ്ഥാൻ കോടതി ഗുപ്തയുടെ പരാതി സ്വീകരിച്ചത്. അതിനു ശേഷം ന്യൂനപക്ഷ കാര്യവകുപ്പിനും ദർഗ കമ്മിറ്റിക്കും ആർക്കിയോളജിക്കൽബ സർവേ ഓഫ് ഇന്ത്യക്കും നോട്ടീസയക്കുകയും ചെയ്തു. തുടർന്ന് അഞ്ജുമാൻ കമ്മിറ്റി, ദർഗ ദിവാൻ ഗുലാം ദസ്തഗിർ അജ്മീർ, എ. ഇമ്രാൻ (ബാംഗ്ലൂർ), രാജ് ജെയിൻ (ഹോഷിയാർപൂർ, പഞ്ചാബ്) എന്നിവരുൾപ്പെടെ നിരവധി കക്ഷികൾ കേസിൽ കക്ഷികളാകാൻ അപേക്ഷ നൽകി. ജനുവരി 24 വരെ രണ്ട് വാദം കേൾക്കലുകൾ നടന്നു. കോടതിയെ സമീപിച്ചതിനു പിന്നാലെ സുരക്ഷ ആശങ്ക കണക്കിലെടുത്ത് ഗുപ്തക്ക് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

