പവാറിനും പവർ പൊളിറ്റിക്സിനുമൊപ്പം നടന്ന അജിത്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽനിന്ന് ഉദയം കൊണ്ട് കരുത്തുറ്റ രാഷ്ട്രീയ നേതാക്കളിൽ വേറിട്ടുനിന്ന മുഖമായിരുന്നു അജിത് പവാറിന്റേത്. ശരദ് ശരദ് പവാറിനൊപ്പം നടന്ന് ജനമനസ്സ് പഠിച്ചെടുത്ത അജിത്ത് പവാർ എന്നും പവർ പൊളിറ്റിക്സിനൊപ്പം നടന്നയാൾകൂടിയാണ്. ശരദ്പവാറിനൊപ്പവും എതിരായുമെല്ലാം നിലകൊണ്ട അജിത് മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും വശമുള്ള ദേശീയ രാഷ്ട്രീയത്തിലും പ്രമുഖനായി വളർന്ന നേതാവായിരുന്നു.
ശരദ്പവാറിന്റെ ബന്ധുകൂടിയായ അജിത് പവാർ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചാണ് അധികാരത്തിന്റെ ഇടനാഴികളിലേക്ക് നടന്നു കയറിയത്. പൂനെ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകണ ബോർഡ് അംഗമായാണ് പൊതുരംഗ പ്രവേശിക്കുന്നത് . 1991 മുതൽ 2007 വരെ പൂനെ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു. 91ൽ ബാരാമതിയിൽനിന്ന് നിയമസഭാംഗമായി. പിന്നീട് തുടർച്ചയായി ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 91ൽ തന്നെ സുധാകര റാവു നായിക്കിന്റെ മന്ത്രിസഭയിൽ അംഗായ അജിത് പിന്നീട് അഞ്ചു തവണ കാബിനറ്റ് മന്ത്രിയായി. ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയം അറിഞ്ഞില്ല.
2019ലാണ് ശരദ്പവാറുമായി അകലുന്നത്. ഇത് മാഹരാഷ്ട്ര രാഷ്ട്രീയത്തിലെ ശാക്തിക ചേരികളിൽ വലിയ മാറ്റമാണുണ്ടാക്കിയത്.
2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.സി.പി ശക്തികേന്ദ്രമായ മാവലിൽ മത്സരിച്ച മകൻ പാർത്ഥ് പവാർ ശിവസേന സ്ഥാനാർഥിയോട് പരാജയപ്പെട്ടതിനു പിന്നിലുണ്ടായ അട്ടിമറികളാണ് അജിത്തിനെയും ശരദ് പവാറിനെയും തെറ്റിക്കുന്നത്.
തുടർന്ന് മഹാ വികാസ് അഘാഡി സംഖ്യം രൂപവത്കരിച്ചപ്പോൾ ആ സഖ്യത്തിൽ ഉപമുഖ്യമന്ത്രിയായി.
2022ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
എൻ.സിപിയിൽ പാർട്ടി പദവികളിൽനിന്ന് തഴയപ്പെട്ടതാണ് നേതാവെന്ന നിലയിൽ അജിത്തിന്റെ പുതിയ മുഖം ലോകത്തിന് വെളിപ്പെടുത്തിയത്.
2023 എൻ.സി.പി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ വർക്കിങ് പ്രസിഡൻറുമാരായി ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പ്രഫുൽ പട്ടേലിനെയും തെരഞ്ഞെടുത്തു. തഴയപ്പെട്ട അജിത്ത് നേതൃ പദവി ആവശ്യപ്പെട്ടെങ്കിലും ശരദ് പവാർ വഴങ്ങിയില്ല. ഇതോടെ എൻ.സി.പി പിളർത്തി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബി.ജെ.പി സർക്കാരിൽ ഉപ-മുഖ്യമന്ത്രിയായി. ഈ മാറ്റം ശരദ്പവാർ പ്രതീക്ഷിച്ചതായിരുന്നില്ല.
എൻ.സി.പിയിലെ 53 എം.എൽ.എമാരിൽ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്. ശരദ്പവാറിന്റെ വിശ്വസ്തരായ മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, ദിലീപ് വൽസ പാട്ടീൽ എന്നിവരുടെ പിന്തുണയും അജിത്തിന് ലഭിച്ചതോടെ പവാറിനൊപ്പം വളരുന്ന നിലയായി അജിത്തിന്.
2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയാണ് പാർട്ടി പിളർന്നുള്ള അജിത്തിന്റെ അട്ടിമറി.
അജിത്തിന്റെ സഹായത്തോടെ 288 അംഗ നിയമസഭയിൽ ഏകനാഥ് ഷിൻഡെ സർക്കാറിന് 204 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. നിയമസഭയിലെ അയോഗ്യത ഒഴിവാക്കുന്നതിനായി എൻ.സി.പിയുടെ ആകെയുള്ള 53 എം.എൽ.എമാരിൽ 40 പേരുടെ പിന്തുണ അജിത് പവാർ ഉറപ്പിച്ചു. അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരവും ലഭിച്ചു.
2024ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിച്ച മഹായുതി സഖ്യത്തിൽ നിന്ന് 59 ഇടങ്ങളിൽ മത്സരിച്ച അജിത് പവാറിന്റെ പാർട്ടിയായ എൻ.സി.പി 41 സീറ്റുകളിൽ വിജയിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാർട്ടിയായി അജിത്തിന്റെ എൻ.സി.പി മാറി. അണികളിൽ ശരദ് പവാറിന് മുൻ കാലങ്ങളിലുണ്ടായിരുന്ന തരത്തിലുള്ള ജനസ്വാധീനം ചെലുത്തി മുന്നേറുന്നതിനിടയിലാണ് അജിത്ത് അപ്രതീക്ഷിതമായി വിമാനാപകടത്തിൽപ്പെടുന്നത്. അജിത്തിനുശേഷമുള്ള എൻ.സി.പി ഭാവി ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി പ്രധാന ചോദ്യമായി ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

