അജിത് പവാറിന്റെ വിമാന യാത്ര; ദുരൂഹതയേറ്റി എൻ.സി.പി നേതാവിന്റെ പ്രസംഗം
text_fieldsമുംബൈ: വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാറിന്റെ യാത്ര വഴിമാറിയത്, പാർട്ടിയിലെ രണ്ടാമനായ പ്രഫുൽ പട്ടേലിന്റെ ഫോൺവിളിക്ക് ശേഷമെന്ന സംശയമുയർത്തി പാർട്ടി നേതാവിന്റെ അനുശോചന പ്രസംഗം. അജിത് പക്ഷ എൻ.സി.പി മഹാരാഷ്ട്ര വൈസ്പ്രസിഡന്റ് പ്രമോദ് ഹിന്ദുറാവുവിന്റെ പ്രസംഗമാണ് ചർച്ചയായത്.
കഴിഞ്ഞ 27ന് അജിത് റോഡ് മാർഗം ബരാമതിയിലേക്ക് പുറപ്പെടാനിരുന്നതാണെന്നും ‘വിദർഭയിൽനിന്നുള്ള വലിയ നേതാവിന്റെ’ ഫോൺവിളിയെയും ഫയൽ ഒപ്പുവെക്കലിനെയും തുടർന്ന് യാത്ര അടുത്ത ദിവസം വിമാനത്തിലാക്കുകയുമായിരുന്നുവന്നും അജിതിന്റെ സഹോദര പുത്രനും പവാർ പക്ഷ എൻ.സി.പി എം.എൽ.എയുമായ രോഹിത് പവാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രമോദ് ഹിന്ദുറാവുവിന്റെ വെളിപ്പെടുത്തൽ. റോഡ് മാർഗം യാത്രക്കായി തന്റെ ലഗേജ് കാറിൽ കയറ്റി അജിത് പുറപ്പെടാനിരുന്നതായിരുന്നു. അവസാന നിമിഷം പ്രഫുൽ പട്ടേലോ മറ്റേതോ പ്രമുഖനോ ആണ് അജിതിനെ ഫോണിൽ വിളിച്ചത്.
മന്ത്രാലയവുമായി ബന്ധപ്പെട്ട ഏതോ ഒരു ഫയലുമായി ബന്ധപ്പെട്ടായിരുന്നു സംസാരം. സെക്രട്ടറിയ വിളിച്ച് അജിത് ഫയൽ ആവശ്യപ്പെട്ടു. ഫയൽ നടപടികൾ കഴിഞ്ഞതോടെ കാറിൽനിന്ന് ലഗേജ് ഇറക്കാൻ അജിത് ആവശ്യപ്പെടുകയായിരുന്നു - എന്നിങ്ങനെയാണ് ഹിന്ദുറാവു പറഞ്ഞത്. ഇതോടെ രോഹിത് പവാർ ഉന്നയിച്ച സംശയങ്ങൾ വീണ്ടും ചർച്ചയായി.
വിദർഭയിൽനിന്നുള്ള ‘വലിയ’ എൻ.സി.പി നേതാവാണ് പ്രഫുൽ പട്ടേൽ. അജിതിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയെ ഉപമുഖ്യമന്ത്രിയാക്കാൻ തിടുക്കംകാട്ടിയത് പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റായ പ്രഫുൽ പട്ടേലാണ്. മുൻ യു.പി.എ സർക്കാറിൽ വ്യോമയാന മന്ത്രിയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

