അജിത് പവാറിന്റെ മരണം: 'വിമാനം സഞ്ചരിച്ചതിന്റെ റെക്കോർഡുകൾ കാണുന്നില്ല'; ആരോപണം ആവർത്തിച്ച് രോഹിത് പവാർ
text_fieldsഅജിത് പവാർ, രോഹിത് പവാർ
മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണ ഏജൻസികളെ പ്രതിക്കൂട്ടിലാക്കി എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാവ് രോഹിത് പവാർ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പറക്കൽ സമയവുമായി (Flying Hours) ബന്ധപ്പെട്ട രേഖകളിൽ വലിയ അട്ടിമറി നടന്നതായും സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്നും അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചു.
അപകടത്തിൽപ്പെട്ട വിമാനത്തിന് 5000 മണിക്കൂർ പറക്കൽ ശേഷിയുണ്ടായിരുന്നു. എന്നാൽ വിമാനക്കമ്പനിയായ 'വി.എസ്.ആർ' രേഖപ്പെടുത്തിയത് 1800 മുതൽ 2000 മണിക്കൂർ മാത്രമാണ്. ബാക്കി വരുന്നത് ഏകദേശം 3000 മണിക്കൂർ എവിടെപ്പോയി എന്നാണ് അദ്ദേഹം ഉയർത്തുന്ന ചോദ്യം. ഇത് സംബന്ധിച്ച് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ (DGCA), വി.എസ്.ആർ കമ്പനിയുമായി ഒത്തുകളിക്കുകയാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
അജിത് പവർ യാത്ര ചെയ്യുന്ന സമയത്ത് വിമാനത്തിന് കേവലം 10-15 മണിക്കൂർ പറക്കൽ ശേഷി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. യഥാർത്ഥത്തിൽ വിമാനം 8000 മണിക്കൂറിലധികം പറന്നിട്ടുണ്ടാകാമെന്നും ഇതിന്റെ പൂർണ്ണമായ രേഖകൾ ലഭ്യമല്ലെന്നും അദ്ദേഹം ആരോപിച്ചു. രേഖകളിൽ കൃത്രിമം കാണിക്കാൻ കമ്പനിക്ക് സമയം നൽകുന്നതിനാണോ അന്വേഷണം വൈകിപ്പിക്കുന്നത് എന്നും വി.എസ്.ആർ കമ്പനി ഉടമയെ കേവലം ഒരു പൈലറ്റ് എന്ന നിലയിൽ മാത്രം ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണെന്നും രോഹിത് പവാർ ചോദിച്ചു. കേസിൽ ക്രിമിനൽ അന്വേഷണം നടക്കുമ്പോൾ, കമ്പനി ഉടമ വിദേശത്തുനിന്ന് തിരിച്ചെത്തിയ വിവരം സി.ഐ.ഡി.യെ അറിയിക്കുന്നതിൽ ഡി.ജി.സി.എ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
2026 ജനുവരി 28നാണ് മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അജിത് പവാറിനെ കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, അറ്റൻഡന്റ് പിങ്കി മാലി, പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂർ, സഹപൈലറ്റ് ശംഭവി പതക് എന്നിവരും കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവിന്റെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവകരമായ ഇടപെടൽ നടത്തണമെന്നും സുതാര്യമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും രോഹിത് പവാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

