അജിത് പവാറിന്‍റെ നിര്യാണം എൻ.സി.പി ലയന നീക്കത്തിനിടെ; നടപടികൾ ഏതാണ്ട് പൂർത്തിയായിരുന്നുവെന്ന് വെളിപ്പെടുത്തൽ
text_fieldsഅജിത് പവാറും ശരദ് പവാറും
മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) ഇരുവിഭാഗങ്ങളും തമ്മിലുള്ള പുനരേകീകരണത്തിന് ശക്തമായി ആഗ്രഹിച്ചിരുന്നതായും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിന് തൊട്ടുമുമ്പ് ഈ നടപടികൾ പൂർത്തിയാകാൻ ഇരിക്കുകയായിരുന്നുവെന്നും അടുത്ത അനുയായി വെളിപ്പെടുത്തി. 1980കൾ മുതൽ അജിത് പവാറിനെ അടുത്തറിയുന്ന കിരൺ ഗുജാറിന്‍റേതാണ് വെളിപ്പെടുത്തൽ.
ബാരാമതിയിൽ നടന്ന വിമാനാപകടത്തിൽ മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് അജിത് പവാർ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നതായി ഗുജാർ പറഞ്ഞു. എൻ.സി.പിയുടെ ഇരു വിഭാഗങ്ങളും ലയിപ്പിക്കുന്നതിന് പവാർ 100 ശതമാനം താൽപര്യപ്പെട്ടിരുന്നുവെന്നും ചർച്ചകൾ അവസാന ഘട്ടത്തിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.സി.പിയിലെ ഭിന്നതകൾ അവസാനിപ്പിച്ച് പാർട്ടിയെ ഒന്നാക്കാൻ അജിത് പവാർ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ ആ നീക്കം പൂർത്തിയാകുന്നതിന് മുമ്പേ അദ്ദേഹം വിടവാങ്ങിയെന്നുമാണ് ഗുജാറിന്‍റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്.
അതേസമയം അജിത് പവാറിന്റെ പെട്ടെന്നുള്ള മരണം പാർട്ടിയിൽ വലിയ നേതൃശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. അജിത് പവാറിന്റെ രാഷ്ട്രീയ പാരമ്പര്യം ഏറ്റെടുക്കാൻ അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാർ മുന്നിട്ടിറങ്ങുമെന്നാണ് സൂചനകൾ. അവരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാക്കണമെന്നും, സംസ്ഥാന കാബിനറ്റിൽ ഉൾപ്പെടുത്തണമെന്നും, എൻ.സി.പി അധ്യക്ഷ പദവി നൽകണമെന്നും ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. അജിത് പവാറിന്റെ വിയോഗം മൂലം ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സുനേത്ര പവാർ മത്സരിക്കാനും സാധ്യതയുണ്ട്.
പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, സുനിൽ തത്കരെ തുടങ്ങിയ മുതിർന്ന എൻ.സി.പി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ സുനേത്ര പവാറിനെ കണ്ട് പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി. സുനേത്ര പവാർ നിലവിൽ രാജ്യസഭാംഗമാണെന്നും അവർക്ക് ദേശീയ തലത്തിൽ രാഷ്ട്രീയ പരിചയമുണ്ടെന്നും എൻ.സി.പി നേതാവ് നർഹരി സിർവാൾ ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ അനിശ്ചിതാവസ്ഥ നിറഞ്ഞ ഈ കാലയളവിൽ നിർണായക പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്നു. അജിത് പവാറിന്റെ മക്കളായ പാർത്ഥ് പവാറും ജയ് പവാറും സംഘടനാ കാര്യങ്ങളിൽ സഹായിക്കുന്നുണ്ടെങ്കിലും നിലവിൽ സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇല്ല. എൻ.സി.പി നേതാക്കളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

