"ഫണ്ട് വെട്ടിക്കളയും" മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആക്ഷേപം
text_fieldsമുംബൈ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാരെ ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബാരാമതി താലൂക്കിലെ മാലോഗാവിൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയായിരുന്നു ധനമന്ത്രി കൂടിയായ അജിത് പവാറിന്‍റെ പ്രതികരണം.
തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പിന്തുണച്ചാല്‍ മാത്രമേ സംസ്ഥാന സർക്കാറിന്‍റെ വികസന ഫണ്ടുകള്‍ ഈ മേഖലയിൽ ചെലവഴിക്കുകയുള്ളൂ എന്നായിരുന്നു പവാറിന്റെ വാക്കുകള്‍. നിങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ട്, എന്നാല്‍ ഫണ്ട് നിയന്ത്രിക്കാനുള്ള അധികാരം തനിക്കാണ് എന്നാണ് പവാർ പ്രസംഗിച്ചത്.
'കേന്ദ്രത്തിനും സംസ്ഥാനത്തിനും നിരവധി പദ്ധതികളുണ്ട്. മാലേഗാവിന് നല്ല വികസനം ഉറപ്പാക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കും. പദ്ധതികള്‍ ശരിയായി നടപ്പിലാക്കും. ഞങ്ങളുടെ 18 സ്ഥാനാര്‍ഥികളെയും നിങ്ങള്‍ വിജയിപ്പിക്കുകയാണെങ്കില്‍ ഞാന്‍ വാഗ്ദാനം ചെയ്തതെല്ലാം നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ നിങ്ങള്‍ ഞങ്ങളെ കൈവിട്ടാല്‍, ഞാനും നിങ്ങളെ കൈവിടും. വോട്ട് നിങ്ങളുടെ കൈയിലും, ഫണ്ട് എന്റെ കയ്യിലുമാണ്'. പവാര്‍ പറയുന്നു. തന്റെ പാനലിനെ പിന്തുണച്ചാല്‍ ബാരാമതിയിലേതിന് സമാനമായ വികസനം മാലേഗാവിലും ഉണ്ടാകുമെന്നാണ് പവാറിന്‍റെ വാഗ്ദാനം.
എൻ.സി.പി, ബി.ജെ.പി സഖ്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഡിസംബര്‍ രണ്ടിനാണ് മാലേഗാവ് ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ നഗര്‍ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.
അജിത് പവാറിന്റെ പ്രസംഗം മഹാരാഷ്ട്രയിൽ വിവാദമായിട്ടുണ്ട്. അജിത് പവാറിൻ്റെ പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. അജിത് പവാറിൻ്റെ നിലപാടിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ എന്തുകൊണ്ടാണ് നടപടിയെടുക്കുന്നില്ല എന്ന് പ്രതിപക്ഷം ചോദിക്കുന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് എന്ന് ശിവസേന ആരോപിച്ചു. സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ അജിത് പവാറിന്റെ വീട്ടില്‍ നിന്നുള്ളതല്ല. സാധാരണക്കാര്‍ അടക്കുന്ന നികുതിയില്‍ നിന്നാണ് ഫണ്ടുകള്‍ ഉണ്ടാകുന്നതെന്ന് അജിത് പവാര്‍ മറക്കരുത്. പവാറിനെപ്പോലൊരു നേതാവ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുമ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ എന്തു കൊണ്ട് പ്രതികരിക്കുന്നില്ലെന്നും (യു.ബി.ടി) നേതാവ് അംബാദാസ് ദന്‍വെ ചോദിച്ചു.
അതേസമയം, മഹായുതി സഖ്യത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നുണ്ടെന്ന് മഹാരാഷ്ട്ര കോൺഗ്രസ് മേധാവി ഹർഷവർധൻ സപ്കൽ ആരോപിച്ചു. ബി.ജെ.പിയും സഖ്യകക്ഷികളും തമ്മിൽ ഒരു യുദ്ധം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഡൽഹിയിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. പൂനെ ഭൂമി ഇടപാട് കേസിൽ തന്റെ മകൻ പാർത്ഥ് പവാറിന് ക്ലീൻ ചിറ്റ് ലഭിക്കാൻ പവാർ ഡൽഹിയിലേക്ക് ഓടിപ്പോയെന്നും സപ്കൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

