You are here

ഫഡ്നാവിസും അജിത് പവാറും രാജിവെച്ചു; നല്ല പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് ബി.ജെ.പി

14:36 PM
26/11/2019

മുംബൈ: നാളെ വിശ്വാസവോട്ട് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ കാത്തുനിൽക്കാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അജിത് പവാറും രാജിവെച്ചു. ആദ്യം അജിത് പവാറാണ് രാജി വെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കൈമാറുകയായിരുന്നു. പിന്നാലെ വൈകിട്ട് 3.30ന് വാർത്താ സമ്മേളനം നടത്തി ദേവേന്ദ്ര ഫഡ്നാവിസ് താനും രാജി വെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. വാർത്താ സമ്മേളനത്തിനു ശേഷം രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണർ ഭഗത് സിങ് കോശിയാരിക്ക് രാജി സമർപ്പിച്ചു.

അജിത് പവാർ പിന്തുണ പിൻവലിച്ചതോടെ തങ്ങൾക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്നും നല്ല പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ഫഡ്നാവിസ് വാർത്താ സമ്മേളനത്തിൽ ഫറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ഞങ്ങളെ സഹായിക്കാൻ അജിത് പവാർ തീരുമാനിക്കുകയും അദ്ദേഹവുമായി സംസാരിച്ച ശേഷം ഞങ്ങൾ സർക്കാർ രൂപീകരിക്കുകയുമായിരുന്നു. ഇന്ന് സുപ്രീംകോടതി വിധി വന്നതോടെ അജിത് പവാർ കൂടിക്കാഴ്ച നടത്തി സഖ്യത്തിൽ തുടരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. അജിത് പവാർ രാജിവെച്ചതിനാൽ ഞങ്ങൾക്ക് ഇനി ഭൂരിപക്ഷം ലഭിക്കില്ല -ഫഡ്നാവിസ് പറഞ്ഞു.

ഞങ്ങൾക്ക് 105 എം‌.എൽ‌എമാർ ഉണ്ടായിരുന്നു. ജനവിധിയെ മാനിക്കാൻ ഞങ്ങൾ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചു. നിർഭാഗ്യവശാൽ, ശിവസേനയുടെ വിലപേശൽ ഉയർന്നതായിരുന്നു. ഞങ്ങൾ ഒരിക്കലും ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ല. പ്രത്യയശാസ്ത്രങ്ങൾ പൊരുത്തപ്പെടാത്ത തികച്ചും വ്യത്യസ്തരായ മൂന്ന് കക്ഷികൾ സർക്കാർ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഒരു ഓട്ടോയുടെ മൂന്ന് ചക്രങ്ങൾ മൂന്ന് ദിശകളിൽ പ്രവർത്തിക്കുന്നുവെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് നമുക്കറിയാം, പുതിയ സർക്കാറിന് അതാണ് സംഭവിക്കുക. ശിവസേന ഹിന്ദുത്വം സോണിയ ഗാന്ധിക്ക് മുന്നിൽ അടിയറവെച്ചു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതായിരുന്നു അവരുടെ അജണ്ട. കുതിരക്കച്ചവടം ചെയ്യില്ലെന്ന നിലപാടാണ് ഞങ്ങൾ ആദ്യ ദിവസം മുതൽ സ്വീകരിച്ചത്. സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്  ആശംസകൾ നേരുന്നു. ഫലപ്രദമായ പ്രതിപക്ഷമായി ബി.ജെ.പി പ്രവർത്തിക്കും. ഞങ്ങൾ ജനങ്ങൾക്ക് ശബ്ദം നൽകും -ഫഡ്നാവിസ് വിശദീകരിച്ചു.

ശരത് പവാറിന്‍റെ മകൾ സുപ്രിയ സുലെയുടെ ഭർത്താവ് സദാനന്ദ് സുലെ ഇടപെട്ടതോടെയാണ് അജിത് പവാർ രാജിക്ക് വഴങ്ങിയത്. രാവിലെ ഒമ്പതിന് ട്രൈഡന്‍റ് ഹോട്ടലിൽ ഇരുവരും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് അജിത് പവാറിന്‍റെ രാജി തീരുമാനമെന്നാണ് സൂചന.

എൻ‌.സി‌.പി, ശിവസേന, കോൺഗ്രസ് സഖ്യത്തിന്‍റെ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി എം‌.എൽ‌.എമാർ സംയുക്ത യോഗം ചേരും. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ നേതാവാകും എന്ന് ശരദ് പവാർ അറിയിച്ചു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നും അടുത്ത അഞ്ചു വർഷവും അദ്ദേഹം ഭരിക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

സുപ്രിയ സുലെയും ശിവസേന നേതാവ് സഞ്ജയ് റാവത്തും മുംബൈയിലെ ഹോട്ടൽ സോഫിറ്റെലിലെത്തി ചർച്ച നടത്തി. ഹോട്ടൽ ലെമൻ ട്രീയിലെത്തി ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും പാർട്ടി എം‌.എൽ‌.എമാരെ കണ്ടു.

മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ കോൺഗ്രസ് എം‌.എൽ‌.എമാരുടെ യോഗവും നടന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ബാലസഹേബ് തോറാത്ത്, അശോക് ചവാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്‍റ് ബാലസഹേബ് തോറാത്തിനെ പാർട്ടിയുടെ നിയമസഭാ പാർട്ടി നേതാവായി തെരഞ്ഞെടുത്തു. ഏറ്റവും മുതിർന്ന എം‌.എൽ.‌എയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ്തനുമാണ് തോറാത്ത്. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ളയാളാണ് അദ്ദേഹം.

 

Loading...
COMMENTS