‘റൺവേക്ക് 100 അടി മുകളിൽവെച്ച് വിമാനം താഴേക്ക് പതിച്ചു, അഗ്നിഗോളമായി’; വേദനാജനകമെന്ന് ദൃക്സാക്ഷി
text_fieldsബാരാമതി: ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടാണ് ബുധനാഴ്ച രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്‍റെ വിയോഗ വാർത്ത ലോകമറിഞ്ഞത്. മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് വരികയായിരുന്ന സ്വകാര്യ ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ തകരുകയായിരുന്നു. അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് പേരും അപകടത്തിൽ മരിച്ചു. രാവിലെ 8:10ന് മുംബൈയിൽനിന്ന് പുറപ്പെട്ട ലിയർജെറ്റ് 45 വിമാനം 8:50ഓടെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നു വീഴുകയും ഉടൻ തന്നെ തീപിടിക്കുകയും ചെയ്തു.
അപകടം നേരിട്ട് കണ്ട പ്രദേശവാസികൾ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് വിവരിച്ചത്: ഒരു ദൃക്‌സാക്ഷി പറഞ്ഞതനുസരിച്ച്, റൺവേക്ക് ഏകദേശം 100 അടി മുകളിൽ വെച്ച് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. “ഞാൻ അത് നേരിട്ട് കണ്ടതാണ്, വിവരിക്കാനാവാത്ത അത്ര വേദനാജനകമാണ്. വിമാനം താഴേക്ക് വന്നപ്പോൾ തന്നെ അത് തകരുമെന്ന് തോന്നിയിരുന്നു. താഴെ വീണ ഉടൻ വലിയൊരു സ്ഫോടനം ഉണ്ടായി. അതിനുശേഷം പൂർണമായും തീപിടിച്ചു. സ്ഫോടനത്തിന് പിന്നാലെ വിമാനത്തിനുള്ളിൽനിന്ന് വീണ്ടും 4-5 തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ആളുകളെ പുറത്തെടുക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും ശക്തമായ തീ കാരണം അടുക്കാൻ പോലും സാധിച്ചില്ല.” ദൃക്‌സാക്ഷി കൂട്ടിച്ചേർത്തു.
വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് മോശം കാഴ്ചപരിധിയെക്കുറിച്ച് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനം റൺവേയിൽനിന്ന് തെന്നിമാറി സ്ഫോടനത്തോടെ കത്തിയമരുകയായിരുന്നു. അജിത് പവാർ, അദ്ദേഹത്തിന്റെ പേഴ്സനൽ സെക്യൂരിറ്റി ഓഫീസർ, ഒരു അറ്റൻഡന്റ്, രണ്ട് പൈലറ്റുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണം ആരംഭിച്ചു.
വരാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല് പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അജിത് പവാർ ബാരാമതിയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങിയ പ്രമുഖർ അജിത് പവാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്രയുടെ വികസനത്തിൽ നിർണായക പങ്ക് വഹിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

