പ്രധാനമന്ത്രിയെ വാഴ്ത്തി അജിത് പവാർ
text_fieldsമുംബൈ: പുണെയിൽ വാർത്തസമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ. വികസന അജണ്ടയിലൂടെയാണ് മോദി ജനഹൃദയം കവർന്നതെന്നും വികസനത്തെ കുറിച്ച് സംസാരിക്കുന്നവർക്കേ ജനം അവസരം നൽകുകയുള്ളൂവെന്നുമാണ് പരാമർശം.
മന്ത്രി നവാബ് മാലിക് അറസ്റ്റിലായതിന് പിറകെ ബി.ജെ.പി നേതാവായ കിരിത് സോമയ്യ 'അഴിമതി'ക്കാരായ മഹാരാഷ്ട്ര മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഇതേക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അജിത്. ഞാനും ജയിലിൽ പോകണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മറുപടി. ചിലർക്ക് വിവാദങ്ങളോടാണ് താൽപര്യമെന്നും വികസനത്തെ കുറിച്ചു പറയുന്നവർക്കേ ജനം അവസരം നൽകൂവെന്നും പറഞ്ഞപ്പോഴാണ് മോദിയെ വാഴ്ത്തിയത്. താനുൾപ്പെടെ ഭരണപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ച സന്ദർഭത്തിലാണ് അജിത് പവാറിന്റെ മോദി വാഴ്ത്തൽ. മെട്രോ ട്രെയിൻ ഉദ്ഘാടനത്തിനായി അടുത്തമാസം ആറിന് പ്രധാനമന്ത്രി പുണെയിൽ വരുമെന്നും പുണെയുടെ രക്ഷാകർതൃ മന്ത്രിയെന്ന നിലക്ക് താനും പങ്കെടുക്കുമെന്നും ആരോഗ്യ കാരണങ്ങളാൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കാൻ സാധ്യതയില്ലെന്നും അജിത് പറഞ്ഞു.