രാത്രി വൈകിയും അജിത് പവാർ-ഫട്നാവിസ് കൂടിക്കാഴ്ച
text_fieldsമുംബൈ: മഹാരാഷ്ട്ര സർക്കാർ രൂപവത്കരണത്തെ എതിർത്തുകൊണ്ടുള്ള ഹരജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധിപറയുന്ന സാഹ ചര്യത്തിൽ ഞായറാഴ്ച രാത്രി വൈകി എൻ.സി.പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും മുഖ്യമന്ത്രിയും ബി.ജെ.പി നേതാ വുമായ ദേവേന്ദ്ര ഫട്നാവിസും കൂടിക്കാഴ്ച നടത്തി. ചർച്ചയുടെ വിശദാംശങ്ങൾ വ്യക്തമല്ല. എന്നാൽ, കാർഷിക പ്രശ്നങ്ങളാണ് ഇരുവരും ചർച്ചചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
താൻ എക്കാലവും എൻ.സി.പി പ്രവർത്തകനാണെന്നും ശരദ് പവാറാണ് തന്‍റെ നേതാവെന്നും കഴിഞ്ഞ ദിവസം അജിത് പവാർ പ്രസ്താവിച്ചിരുന്നു. ബി.ജെ.പി-എൻ.സി.പി സഖ്യം അഞ്ച് വർഷം ഭരിക്കുമെന്നും അജിത് പവാർ അവകാശപ്പെട്ടു. എന്നാൽ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യം തള്ളി. ബി.ജെ.പിയുമായുള്ള ബന്ധത്തിന്‍റെ ചോദ്യമേ ഉദിക്കുന്നില്ലെന്നായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം.
വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി എം.എൽ.എമാരെ കൂടെ നിർത്താനുള്ള തീവ്രപരിശ്രമത്തിലാണ് ഇരു വിഭാഗവും. ഞായറാഴ്ച രാത്രി എൻ.സി.പി എം.എൽ.എമാരെ മുംബൈയിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ബി.ജെ.പിക്കൊപ്പം പോയ എം.എൽ.എമാർ ഉടൻ തിരിച്ചെത്തുമെന്നാണ് എൻ.സി.പി നേതൃത്വം പ്രതികരിച്ചത്.