അജിത് ഡോവലിന്റെ മുംബൈ സന്ദർശനം സംഘ്പരിവാറിനെ തുറന്നുകാട്ടിയ മുൻ ആർ.എസ്.എസുകാരനെ ലക്ഷ്യമിട്ടെന്ന്
text_fieldsമുംബൈ: സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മുംബൈ സന്ദർശനം രാജ്യത്തെ സ്ഫോടനങ്ങൾക്കു പിന്നിൽ സംഘ്പരിവാറാണെന്ന മുൻ ആർ.എസ്.എസുകാരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണെന്ന് സാമൂഹിക പ്രവർത്തകൻ റിട്ട. ജസ്റ്റിസ് ബി.ജി. കൊൽസെ പാട്ടീൽ. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ശനിയാഴ്ചയാണ് അജിത് ഡോവൽ മുംബൈയിലെത്തിയത്.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ആഭ്യന്തര ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര ഡി.ജി.പി രജനീഷ് സേത് എന്നിവരെയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും കണ്ടാണ് അദ്ദേഹം മടങ്ങിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സന്ദർശനലക്ഷ്യം രാജ്യസുരക്ഷയോ രാഷ്ട്രീയമോ അല്ലെന്നും മുൻ ആർ.എസ്.എസുകാരൻ യശ്വന്ത് ഷിൻഡെയുടെ വെളിപ്പെടുത്തലിന്റെ ആഘാതം തടയാനാണെന്നും ജസ്റ്റിസ് കൊൽസെ പാട്ടീൽ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യശ്വന്ത് ഷിൻഡെയുടെ ബന്ധങ്ങളെക്കുറിച്ചും സാമ്പത്തികസ്രോതസ്സുകളെക്കുറിച്ചുമാകും അന്വേഷിച്ചിട്ടുണ്ടാകുകയെന്നും യശ്വന്ത് ഷിൻഡെയുമായി ബന്ധമുള്ളവരെ പൊലീസിനെയും എ.ടി.എസിനെയും ഉപയോഗിച്ച് ഉപദ്രവിക്കുമെന്നും കൊൽസെ പാട്ടീൽ ആരോപിച്ചു. 2006ലെ നാന്ദേഡ് സ്ഫോടനക്കേസിൽ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് നാന്ദേഡ് ജോയന്റ് സെഷൻസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് യശ്വന്ത് ഷിൻഡെയുടെ വെളിപ്പെടുത്തൽ. ബി.ജെ.പിയുടെ രാഷ്ട്രീയനേട്ടത്തിനായി ആർ.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ് ദൾ സംഘടനകൾ രാജ്യത്ത് സ്ഫോടനം നടത്തിയതായാണ് ആരോപണം.
ആർ.എസ്.എസിൽ തന്റെ തുടക്കകാലത്ത് ഇന്ദ്രേഷ് കുമാറിന്റെ നിർദേശമനുസരിച്ച് യുവാക്കളെ ജമ്മു-കശ്മീരിലെത്തിച്ച് സൈനികപരിശീലനം നൽകിയതായും പിന്നീട് പുണെയിൽ ബോംബ് നിർമാണ, സ്ഫോടന പരിശീലനം നേടിയതായും യശ്വന്ത് വെളിപ്പെടുത്തിയിട്ടുണ്ട്.