'ആ സമയം പ്രധാനമന്ത്രി സൗദി അറേബ്യയിൽ'; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദി ചോദിച്ച ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് വ്യക്തമായ വിവരങ്ങൾ ഉടൻ തന്നെ കൈമാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ആവശ്യപ്പെട്ടതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്.എ) അജിത് ഡോവൽ വെളിപ്പെടുത്തി. ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക തിരിച്ചടിക്ക് പിന്നിലെ സുപ്രധാന തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഈ നിർണായക വിവരങ്ങൾ പങ്കുവെച്ചത്. ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംഭവം വിശദീകരിച്ചത്.
ഭീകരാക്രമണം നടക്കുമ്പോൾ സൗദി അറേബ്യ സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ യാത്ര പകുതിയിൽ ഉപേക്ഷിച്ച് ഉടനടി ഡൽഹിയിൽ തിരിച്ചെത്തുകയായിരുന്നു. വിമാനത്താവളത്തിൽ തന്നെ വിദേശകാര്യ സെക്രട്ടറിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്നു. ആക്രമണത്തിന്റെ പൂർണ വിവരങ്ങൾ ശേഖരിച്ച ശേഷം "ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്? ഉത്തരവാദികൾ ആരാണെന്ന് നമുക്ക് വ്യക്തമായി അറിയണം, ആ വിവരങ്ങൾ എനിക്ക് ഉടനടി വേണം" എന്നായിരുന്നു അജിത് ഡോവലിനോട് പ്രധാനമന്ത്രി ആദ്യമായി ചോദിച്ചത്.
ഇന്ത്യയുടെ സഹിഷ്ണുതയെയോ ഉദാരമനസ്കതയെയോ ഒരിക്കലും ദുർബലതയായി കാണരുതെന്ന കടുത്ത മുന്നറിയിപ്പാണ് ഈ സംഭവത്തിലൂടെ ലോകത്തിന് നൽകിയതെന്ന് ഡോവൽ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് അതിർവരമ്പും കടന്ന് തിരിച്ചടിക്കാൻ ഇന്ത്യ തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം അവസാന ഭീകരനെയും ഇല്ലാതാക്കുന്നത് വരെ തുടരുമെന്നും 'ഓപ്പറേഷൻ സിന്ദൂർ' അത്തരം ശക്തമായ നിലപാടിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം നടന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ അതിർത്തി കടന്നുള്ള ശക്തമായ സൈനിക നടപടി കൈക്കൊണ്ടത്. പാകിസ്ഥാനിലും പാക് അധീന കാശ്മീരിലുമുള്ള ഭീകര ക്യാമ്പുകൾ പൂർണമായി തകർക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഏകദേശം 88 മണിക്കൂർ നീണ്ടുനിന്ന ഈ സൈനിക നീക്കം ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിലെ നിർണായകമായ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

