Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വീട്ടിലേക്ക്...

‘വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഉഗ്രശബ്ദം കേട്ടത്..എന്താണെന്ന് മനസ്സിലാകും മുമ്പേ തീകനൽ പോലെ വിമാനത്തിന്റെ അവശിഷ്ടം എന്റെ മേൽ പതിച്ചു’; അഹമ്മദാബാദ് വിമാനദുരന്തം അനുസ്മരിച്ച് അജയ് പർമർ

text_fields
bookmark_border
‘വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഉഗ്രശബ്ദം കേട്ടത്..എന്താണെന്ന് മനസ്സിലാകും മുമ്പേ തീകനൽ പോലെ വിമാനത്തിന്റെ അവശിഷ്ടം എന്റെ മേൽ പതിച്ചു’; അഹമ്മദാബാദ് വിമാനദുരന്തം അനുസ്മരിച്ച് അജയ് പർമർ
cancel

അഹമ്മദാബാദ്: ആകാശത്തുകൂടി ഒരു വിമാനം പറന്നുപോകുന്നതു കാണുമ്പോൾ ഇപ്പോഴും അജയ് പർമറിന്റെ നെഞ്ച് ഭയം നിറയുകയാണ്. കഴിഞ്ഞ വർഷം അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ നടുക്കുന്ന ഓർമകൾ ഈ 28കാരന്റെ ജീവിതത്തെ പാടെ തകർത്തു കളഞ്ഞു. ഉണ്ടായിരുന്ന ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നു, വിവാഹജീവിതവും തകർന്നു. ഭീതിതമായ ആ അപകടത്തിന്റെ ബാക്കിപത്രമായി പല രാത്രികളിലും ഭയന്നുവിറച്ച് ഉറക്കത്തിൽനിന്ന് ഞെട്ടിയുണരാറുണ്ടെന്നും പർമർ കണ്ണീരോടെ പറയുന്നു.

കഴിഞ്ഞ വർഷം ജൂൺ 12നാണ് മേഘാനിനഗർ ഹോസ്റ്റൽ സമുച്ചയത്തിലേക്ക് എയർ ഇന്ത്യയുടെ AI-171 വിമാനം തകർന്നുവീണത്. മേഘാനിനഗർ സ്വദേശിയായ പർമർ അന്ന് മെഡിക്കൽ കോളജ് ഹോസ്റ്റൽ കോംപ്ലക്സിൽ ഗാർഡനറായി ജോലി ചെയ്യുകയായിരുന്നു. അപകടം നടക്കുന്നതിന് കൃത്യം ഒരു മാസം മുമ്പായിരുന്നു അദ്ദേഹത്തിന്റെ വിവാഹം.

അന്ന് ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പർമർ പെട്ടെന്നാണ് ഭീകരമായ ഒരു ശബ്ദം കേട്ടത്. പൊട്ടിത്തെറിച്ച വിമാനത്തിന്റെ കത്തിജ്ജ്വലിക്കുന്ന അവശിഷ്ടങ്ങൾ പർമറിനുമേൽ വീഴുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പേ തന്റെ കൈകാലുകളിൽ തീപിടിച്ചിരുന്നുവെന്ന് പർമർ ഓർത്തെടുത്തു. കത്തുന്ന ഇരുചക്രവാഹനം ഉപേക്ഷിച്ച് പ്രാണരക്ഷാർഥം ഓടിയ പർമർ പിന്നീട് ബോധരഹിതനായി വീഴുകയായിരുന്നു. ആരോ ആണ് അദ്ദേഹത്തെ സിവിൽ ആശുപത്രിയിൽ എത്തിച്ചത്. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ പർമർ രണ്ടുമാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു.

ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന അയാളെ കാത്തിരുന്നത് കൂടുതൽ കഠിനമായ പരീക്ഷണങ്ങളായിരുന്നു. പൊള്ളലേറ്റതിനാൽ നേരിട്ട് വെയിൽ കൊള്ളുന്ന ജോലികൾ ചെയ്യരുതെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ ഗാർഡനർ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ശാരീരിക രൂപത്തിലുണ്ടായ മാറ്റവും ജോലിയും നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കുമൊടുവിൽ വിവാഹം കഴിഞ്ഞ് അധികനാൾ തികയും മുമ്പേ ഭാര്യയും ഉപേക്ഷിച്ചു പോയി.

"എനിക്ക് ജോലിക്ക് പോകാൻ കഴിയാത്തതിനാലും, പൊള്ളൽ കാരണം എന്റെ രൂപം മാറിയതിനാലുമാണ് അവൾ എന്നെ ഉപേക്ഷിച്ചുപോയത്," പർമർ വിതുമ്പി. പിന്നീട് ഓഫിസുകളിൽ ജോലിക്ക് ശ്രമിച്ചെങ്കിലും അവിടെയും ദുരനുഭവങ്ങളായിരുന്നു ഫലം. ഉച്ചഭക്ഷണ സമയത്ത് സഹപ്രവർത്തകർ പർമറുടെ അരികിലിരിക്കാൻ പോലും കൂട്ടാക്കിയില്ല. മുഖത്തെയും ശരീരത്തിലെയും പൊള്ളലിന്റെ പാടുകൾ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എന്നതായിരുന്നു കാരണം.

നിലവിൽ വീട്ടുജോലിക്ക് പോകുന്ന അമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. ശാരീരികമായ പരിക്കുകളേക്കാൾ ഉപരി, മനസ്സിലേറ്റ ആഘാതത്തിൽനിന്ന് ഈ യുവാവിന് ഇന്നും മുക്തനാകാൻ കഴിഞ്ഞിട്ടില്ല.

"ആകാശത്ത് വിമാനം കാണുമ്പോൾ ഇപ്പോഴും എനിക്ക് ഭയമാണ്. ചുറ്റും തീ മാത്രം നിറഞ്ഞ ആ ഭീകരദൃശ്യം ഇന്നും എന്റെ കണ്ണിലുണ്ട്. പല രാത്രികളിലും ഞാൻ ഞെട്ടിയുണരും, പിന്നീട് ഉറങ്ങാൻ കഴിയില്ല," പർമർ കൂട്ടിച്ചേർത്തു. ജീവിതത്തിൽ അറിയാതെ വന്ന സങ്കടത്തിന്റെ അതിഥി ജീവിതവും സ്വപ്നങ്ങളും കരിച്ചുകളഞ്ഞതെന്നതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇയാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plane CrashahmadabadShockingmemories and painAhmedabad Plane Crash
News Summary - Ajay Parmar remembers Ahmedabad plane crash
Next Story