ഡൽഹി പൊലീസിന് തിരിച്ചടി; ഐഷി ഘോഷിന്റെ അറസ്റ്റ് നാളെ വരെ തടഞ്ഞു
text_fieldsഐഷി ഘോഷ്
ന്യൂഡൽഹി: എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞു. കേസ് പരിഗണിക്കുന്ന വ്യാഴാഴ്ച വരെയാണ് ഐഷിയുടെ അറസ്റ്റ് പട്യാല ഹൗസ് കോടതി തടഞ്ഞത്.
അറസ്റ്റ് നടപടികൾ തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. 2021ൽ ബംഗ ഭവനിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായുള്ള കേസിലാണ് കോടതി ഏപ്രിൽ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
മാസങ്ങൾ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ നൽകിയിരുന്നില്ല. ജന്തർ മന്തറിലെ പ്രക്ഷോഭത്തിനു പിന്നാലെയാണ് ഡൽഹി പൊലീസിന്‍റെ പ്രതികാര നടപടി. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായി ചൊവ്വാഴ്ച ഡൽഹി എ.കെ.ജി സെന്ററിൽ ഡൽഹി പൊലീസ് എത്തിയത് വിവാദമായിരുന്നു. സ്വകാര്യ വാഹനത്തിൽ നെയിംപ്ലേറ്റോ യൂനിഫോമോ ഇല്ലാതെ എത്തിയ ഡൽഹി പൊലീസ് സംഘത്തെ സി.പി.എം നേതാക്കളും പ്രവർത്തകരും പ്രതിരോധിച്ച് തിരിച്ചയച്ചു. തുടർന്ന് അറസ്റ്റ് വാറന്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഷി കോടതിയെ സമീപിക്കുകയായിരുന്നു.
കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ പരീക്ഷ ക്രമക്കേടും നീറ്റ് പരീക്ഷപേപ്പർ ചോർച്ചയും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന രാജിവെക്കണമെന്ന് ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി ഘോഷ്.
ജെ.എൻ.യു വിദ്യാർഥി യൂനിയന്റെ മുൻ അധ്യക്ഷയായിരുന്നു ഐഷി ഘോഷ്. അതേസമയം, പ്രക്ഷോഭത്തിന്റെ പേരിൽ വിദ്യാർഥികളെ പ്രതികളാക്കി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പൊലീസ് എ.കെ.ജി സെന്ററിൽ എത്തിയതെന്ന് സി.പി.എം നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

