എയർ ഇന്ത്യയും ഇന്ധന സർചാർജ് കൂട്ടി; ഗൾഫ് മേഖലയിലേക്ക് 4,600 രൂപ വരെ കൂടും, നാളെ മുതൽ പ്രാബല്യത്തിൽ
text_fieldsമുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിമാന ഇന്ധന വിലയിലുണ്ടായ വർധനവിനെ തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലെ ഇന്ധന സർചാർജ് കൂട്ടി. പുതിയ നിരക്കുകൾ ബുധനാഴ്ച (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 10 മുതലാണ് പുതുക്കിയ സർചാർജ് ബാധകമാകുക.
ആഭ്യന്തര യാത്രകൾക്ക്, 299 മുതൽ 899 രൂപ വരെയാണ് സർചാർജ്. ഒരു നിശ്ചിത സർചാർജിന് പകരം ദൂര അടിസ്ഥാനത്തിലുള്ള ഗ്രിഡ് സമ്പ്രദായമാണ് എയർ ഇന്ത്യ നടപ്പാക്കുന്നത്. അതേസമയം, ജെറ്റ് ഇന്ധന ചെലവ് പൂർണമായി നികത്താൻ ഈ സർചാർജ് പര്യാപ്തമല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇന്ധന വർധനവിന്‍റെ ഒരു ഭാഗം എയർലൈൻ തന്നെ വഹിക്കുകയാണെന്നാണ് കമ്പനി പറയുന്നത്. സംഘർഷത്തെ തുടർന്ന് ഒരു മാസത്തിനുള്ളിൽ ഏകദേശം 100 ശതമാനം വർധനവാണ് വിമാന ഇന്ധന വിലയിലുണ്ടായത്.
അന്താരാഷ്ട്ര യാത്രക്കാരെയാണ് സർചാർജ് വർധന കാര്യമായി ബാധിക്കുക. പശ്ചിമേഷ്യ/മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് 4600 രൂപ വരെ സർചാർജ് ബാധകമാകും. ചൈന, സിംഗപ്പൂർ ഒഴികെയുള്ള തെക്കുകിഴക്കൻ രാജ്യങ്ങളിലേക്ക് സർചാർജ് ഇനത്തിൽ 10,000 രൂപയിലധികം നൽകേണ്ടിവരും. മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് സർചാർജ് ബാധകമാകില്ല. അതേസമയം, ടിക്കറ്റ് തീയതിയോ സ്ഥലമോ മാറ്റുന്നവർ സർചാർജ് നൽകണം. ഇന്ധന വിലയെ അടിസ്ഥാനമാക്കി ഇടവേളകളിൽ സർചാർജ് പനുക്രമീകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
നേരത്തെ, ഇൻഡിഗോയും വിമാനടിക്കറ്റിനൊപ്പമുള്ള ഇന്ധന സർചാർജ് വർധിപ്പിച്ചിരുന്നു. ഗൾഫിലേക്ക് 900 രൂപയായിരുന്ന സർചാർജ് 2,000 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 3,000 രൂപയായും അതിനു മുകളിലുള്ളവക്ക് 5,000 രൂപയുമായി ഉയർന്നു. ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള നിരക്ക് 1,800 രൂപയായിരുന്നത് 3,500 രൂപ മുതൽ 5,000 രൂപയായി ഉയർന്നു. ബ്രിട്ടനിലേക്കും യൂറോപ്പിലേക്കുള്ളത് 2,300 രൂപയായിരുന്നത് 10,000 രൂപയായി കുതിച്ചുയർന്നു. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ളത് 1,800 രൂപയായിരുന്നത് 5,000 രൂപയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

