തകർന്ന വിമാനത്തിന്റെ അടുത്ത അറ്റകുറ്റപണി ഡിസംബറിലെന്ന് എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: തകർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ അടുത്ത അറ്റകുറ്റപണി നടത്തേണ്ടിയിരുന്നത് ഈ വർഷം ഡിസംബറിലാണെന്ന് എയർ ഇന്ത്യ. 2023 ജൂണിൽ സമഗ്രമായ അറ്റകുറ്റപ്പണി നടത്തിയിരുന്നെന്നും എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു. 2023ൽ സമഗ്ര പരിശോധനയായ ‘സി പരിശോധന’യാണ് നടത്തിയത്. എ.ഐ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് ആണ് സി പരിശോധനകൾ നടത്തിയത്.
ഏകദേശം 12 വർഷം പഴക്കമുള്ള വിമാനത്തിന്റെ വലതുവശത്തെ എഞ്ചിൻ 2025 മാർച്ചിലാണ് അറ്റകുറ്റപണി നടത്തിയത്. അതേസമയം ഇടതുവശത്തെ എഞ്ചിന്റെ പരിശോധന പ്രോട്ടോക്കോൾ അനുസരിച്ച് കഴിഞ്ഞ ഏപ്രിലിലും നടത്തി. ജി.ഇ എയറോസ്പേസ് ആണ് തകർന്ന വിമാനത്തിന്റെ ജി.ഇഎൻഎക്സ് എഞ്ചിനുകൾ നിർമിച്ചത്. എഞ്ചിനുകൾക്കോ വിമാനത്തിനോ തകരാറില്ലെന്നും എയർ ഇന്ത്യ അധികൃതർ അവകാശപ്പെട്ടു. അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയിൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
അതേസമയം, എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വെള്ളിയാഴ്ച ഉത്തരവിട്ടു. ഒറ്റത്തവണ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഒമ്പത് വിമാനങ്ങളുടേത് പൂർത്തിയായതായും എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യക്ക് 26 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമുണ്ട്.ഡി.ജി.സി.എയുടെ നടപടികളെ പിന്തുണയ്ക്കുന്നതായി എഞ്ചിൻ നിർമാതാക്കളായ ജി. ഇ എയ്‌റോസ്‌പേസ് അറിയിച്ചു. അപകടത്തിന്റെ കാരണമറിയാൻ എല്ലാ സാങ്കേതിക പിന്തുണയും നൽകുമെന്നും ജി.ഇ എയ്‌റോസ്‌പേസ് വക്താവ് പറഞ്ഞു.ലോകോത്തര എയർലൈൻ നടത്തുന്നതിന്റെ വിവിധ വശങ്ങൾ ടാറ്റ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുൻ വ്യോമയാനമന്ത്രി പ്രഫുൽ പട്ടേൽ പറഞ്ഞു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

