യുഎസിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ; യാത്രാസമയം മൂന്ന് മണിക്കൂർ കുറയും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ. ഇറാഖ് വ്യോമപാത വാണിജ്യ വിമാനങ്ങൾക്കായി തുറന്നുകൊടുത്തതോടെയാണ് റോമിൽ ഇന്ധനം നിറക്കുന്നതിനായി നടത്തിയിരുന്ന ലാൻഡിങ് ഒഴിവാക്കി നോൺസ്റ്റോപ്പ് സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യക്ക് സാധിച്ചത്. പത്തുവർഷത്തോളമായി സൈനിക, സുരക്ഷാ ആവശ്യങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തിയിരുന്ന ഇറാഖ് വ്യോമപാതയാണ് അടുത്തിടെ വാണിജ്യ വിമാനങ്ങൾക്കായി തുറന്നുകൊടുത്തത്.
പുതിയ റൂട്ട് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള യാത്രാസമയം മൂന്ന് മണിക്കൂറോളം കുറയും. നേരത്തെ 21 മണിക്കൂർ വേണ്ടിയിരുന്ന യാത്ര ഇനി 18 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാകും. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്കും ന്യൂവാർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും രണ്ട് വീതം സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്.
ഇറാഖ് വ്യോമപാത അടച്ചിട്ടിരുന്നതിനാൽ ദീർഘദൂര സർവീസുകൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവന്നിരുന്നുവെന്ന് എയർലൈൻ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ധനം നിറക്കുന്നതിനായി റോമിൽ സാങ്കേതികമായി ഇറങ്ങേണ്ടിയും വന്നിരുന്നു. ഈ സമയത്ത് യാത്രക്കാർക്ക് വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. നേരത്തെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് നേരിട്ടുള്ള സർവീസുകൾ നടത്താനായിരുന്നത് എമിറേറ്റ്സ്, ഖത്തർ എയർവേയ്സ്, ഇത്തിഹാദ് തുടങ്ങിയ ഗൾഫ് വിമാനക്കമ്പനികളേക്കാൾ എയർ ഇന്ത്യക്ക് വലിയ നേട്ടമായിരുന്നു. ഇടത്താവളമില്ലാത്ത സർവീസുകളുടെ ആ പ്രത്യേകത ഇപ്പോൾ തിരിച്ചുപിടിക്കാനായെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പുതിയ ക്രമീകരണമനുസരിച്ച് ഡൽഹിയിൽനിന്നുള്ള വിമാനങ്ങൾ രാജസ്ഥാൻ, ഗുജറാത്ത്, ഒമാൻ, യു.എ.ഇ, കുവൈത്ത്, ഇറാഖ്, തുർക്കിയ എന്നീ പ്രദേശങ്ങൾക്ക് മുകളിലൂടെ പറന്ന് യൂറോപ്പിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും പോകും. ഇറാഖ് വ്യോമപാത അടച്ചിരുന്ന കാലത്ത് ഇന്ത്യൻ വ്യോമാതിർത്തി വിട്ടശേഷം ഒമാൻ, യമൻ, സൗദി അറേബ്യയുടെ തെക്കൻ മേഖലകൾ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് വിമാനങ്ങൾ റോമിലെത്തിയിരുന്നത്. മുംബൈയിൽനിന്നുള്ള വിമാനങ്ങളും അറബിക്കടലിന് മുകളിലൂടെ ഗൾഫ് മേഖലയിലേക്ക് പ്രവേശിച്ചശേഷം സമാനമായ ദീർഘദൂര പാതയാണ് പിന്തുടർന്നിരുന്നത്.
പശ്ചിമ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് ആഗോള വ്യോമപാതകളിൽ കൂടുതൽ സാധ്യതകൾ ലഭിച്ചതോടെ റൂട്ട് നിശ്ചയിക്കുന്നതിൽ കൂടുതൽ വഴക്കമുണ്ടായെന്ന് എയർ ഇന്ത്യ അധികൃതരും സ്ഥിരീകരിച്ചു.
അതേസമയം, വിമാന ഇന്ധനവില വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ റൂട്ട് ഇന്ധനച്ചെലവ് കുറക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ അനുകൂല മറുപടി ലഭിച്ചിട്ടില്ല. യാത്രക്കാരുടെയും ചരക്കുകളുടെയും അളവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം ലഭിക്കുന്ന നേട്ടം ഭാഗികമായി ഇല്ലാതാകാമെന്നാണ് വിമാനക്കമ്പനി വൃത്തങ്ങൾ പറയുന്നത്. വിമാനത്തിൽ ഇന്ധനം നിറച്ചുകൊണ്ടുള്ള യാത്രയിൽ ഭാരം കൂടുന്നതിനാൽ യാത്രക്കാരുടെയും ചരക്കുകളുടെയും ഭാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ക്രമീകരണം ആവശ്യമായി വരുമെന്നും അവർ വിശദീകരിച്ചു.

